ബേബി മതസംഘടനകളെ വെല്ലുവിളിക്കുന്നു: കെ സുധാകരൻ

Tuesday 08 April 2025 12:11 AM IST

തിരുവനന്തപുരം: മതങ്ങൾ ആത്മീയകാര്യങ്ങൾ മാത്രം നോക്കിയാൽ മതിയെന്നും, ഭൗതിക കാര്യങ്ങൾ രാഷ്ട്രീയ പാർട്ടികൾ നോക്കുമെന്നുമുള്ള സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ നിലപാട് രാജ്യത്ത് ആത്മീയകാര്യങ്ങൾക്കൊപ്പം ഭൗതിക സാഹചര്യങ്ങളും ഒരുക്കിയ മതസാമൂഹിക സംഘടനകളോടുള്ള വെല്ലുവിളിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി പറഞ്ഞു .

നിലവാരമുള്ള പതിനായിരക്കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, സാംസ്‌കാരിക സ്ഥാപനങ്ങൾ, ചാരിറ്റി സ്ഥാപനങ്ങൾ, മാദ്ധ്യമസ്ഥാപനങ്ങൾ തുടങ്ങിയവ ഇവരുടെ സംഭാവനകളാണ്. സി.പി.എം നേതാക്കളും അവരുടെ മക്കളുമൊക്കെ അതിന്റെ ഗുണഭോക്താക്കളാണ്. രൂപത എന്നാൽ രൂപ താ എന്നാക്കുകയും മതമില്ലാത്ത ജീവൻ പാഠപുസ്തകമാക്കുകയും ചെയ്ത പഴയ വിദ്യാഭ്യാസ മന്ത്രിയുടെ നിലവാരത്തിൽ തന്നെയാണ് പുതിയ ദേശീയ ജനറൽ സെക്രട്ടറി.ആശാ വർക്കർമാരുടെ സമരം വിമോചന സമരത്തിനുള്ള തയാറെടുപ്പിന്റെ ഭാഗമാണെന്ന എം.എം ബേബിയുടെ നിലപാട് തികച്ചും നിർഭാഗ്യകരമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ പഠിപ്പിച്ചതെല്ലാം ഏറ്റുപാടുന്ന തൊമ്മിയാണ് താനെന്ന് അദ്ദേഹം തെളിയിക്കുന്നു. ആശാമാരുടെ സമരം തീർക്കണമെന്നു പാർട്ടി കോൺഗ്രസ് തീരുമാനിച്ചിട്ടും അതു പുറംകാൽ കൊണ്ട് തട്ടിയ മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.