വാങ്കഡെയിൽ ആർ.സി.ബി ആവേശം
മുംബയ് ഇന്ത്യൻസിനെ അവരുടെ തട്ടകത്തിൽ തോൽപ്പിച്ച് ആർ.സി.ബി
ആർ.സി.ബി 221/5
മുംബയ് 209/9
മുംബയ് : ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബയ് ഇന്ത്യൻസിനെ അവരുടെ തട്ടകമായ വാങ്കഡേ സ്റ്റേഡിയത്തിൽ 12 റൺസിന് തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളുരു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആർ.സി.ബി നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 221 റൺസാണ് നേടിയത്. മറുപടിക്കിറങ്ങിയ മുംബയ്‌ക്ക് 209/9ലേ എത്താനായുള്ളൂ.
അർദ്ധ സെഞ്ച്വറികൾ നേടിയ മുൻ നായകൻ വിരാട് കൊഹ്‌ലിയും(42 പന്തുകളിൽ 67 റൺസ് ), നായകൻ രജത് പാട്ടീദാറും (32 പന്തുകളിൽ 64 റൺസ്), 37റൺസ് നേടിയ മറുനാടൻ മലയാളി താരം ദേവ്‌ദത്ത് പടിക്കലും പുറത്താകാതെ 40 റൺസ് നേടിയ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മയും ചേർന്നാണ് ആർ.സി.ബിയെ ഈ സ്കോറിലേക്ക് എത്തിച്ചത്.
മറുപടക്കിറങ്ങിയ മുംബയ്ക്ക് 12ഓവറിൽ 99 റൺസ് നേടുന്നതിനിടയിൽ രോഹിത് ശർമ്മ(17), റിക്കിൾട്ടൺ (17),വിൽ ജാക്സ് (22),സൂര്യകുമാർ യാദവ് എന്നിവരെ നഷ്ടപ്പെട്ടു. എന്നാൽ അഞ്ചാം വിക്കറ്റിൽ 34 പന്തുകളിൽ നിന്ന് 87 റൺസ് കൂട്ടിച്ചേർത്ത് തിലക് വർമ്മയും (29 പന്തുകളിൽ 56 റൺസ്),ഹാർദിക് പാണ്ഡ്യയും (15 പന്തുകളിൽ 42 റൺസ്) കത്തിക്കയറിയപ്പോൾ മുംബയ്‌യ്ക്ക് പ്രതീക്ഷ തിരിച്ചെത്തിയതാണ്. 18-ാം ഓവറിൽ ഭുവനേശ്വർ കുമാറിന്റെ
ബൗളിംഗിൽ തിലകിനെ സാൾട്ട് പിടികൂടിയതോടെ വീണ്ടും ആർ.സി.ബിക്ക് ആത്മവിശ്വാസം ലഭിച്ചു.അടുത്ത ഓവറിന്റെ ആദ്യ പന്തിൽ ഹേസൽവുഡ് പാണ്ഡ്യയേയും പുറത്താക്കി. ജയിക്കാൻ 19 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിന്റെ ആദ്യ രണ്ട് പന്തുകളിലായി മിച്ചൽ സാന്റ്നറെയും (8), ദീപക് ചഹറിനെയും (0) അഞ്ചാം പന്തിൽ നമാൻ ധിറിനെ(11)യും പുറത്താക്കി ക്രുനാൽ പാണ്ഡ്യ തന്റെ അനിയൻ ഹാർദിക് പാണ്ഡ്യയുടെ ടീമിനെ പരാജയത്തിലെത്തിച്ചു.
നേരത്തേ കളിയുടെ ആദ്യ പന്ത് ബൗണ്ടറി കടത്തിയ ഫിൽ സാൾട്ടിനെ (4) അടുത്ത പന്തിൽ ബൗൾഡാക്കി മികച്ച തുടക്കമാണ് ട്രെന്റ് ബൗൾട്ട് മുംബയ്‌ക്ക് നൽകിയത്. എന്നാൽ രണ്ടാം വിക്കറ്റിൽ ഒരുമിച്ച വിരാടും ദേവ്‌ദത്തും ചേർന്ന് 50 പന്തുകളിൽ 91 റൺസ് കൂട്ടിച്ചേർത്ത് ആർ.സി.ബിയെ സുരക്ഷിതമായനിലയിലേക്ക് ഉയർത്തി. ഒൻപതാം ഓവറിൽ മലയാളി ചെെനാമാൻ സ്പിന്നർ വിഘ്നേഷ് പുത്തൂരാണ് ദേവ്‌ദത്തിനെ വിൽ ജാക്സിന്റെ കയ്യിലെത്തിച്ച് സഖ്യം പൊളിച്ചത്.തുടർന്ന് രജതിനൊപ്പം പോരാട്ടം തുടർന്ന വിരാട് 14.1-ാം ഓവറിൽ ടീമിനെ 143ലെത്തിച്ചശേഷം ഹാർദിക് പാണ്ഡ്യയുടെ പന്തിൽ നമാൻ ധിറിന് ക്യാച്ച് നൽകി മടങ്ങി. പകരമിറങ്ങിയ ലിയാം ലിവിംഗ്സ്റ്റണിനെയും ഇതേ ഓവറിൽ പാണ്ഡ്യ മടക്കിഅയച്ചെങ്കിലും രജതും ജിതേഷും ചേർന്ന് വീണ്ടും സ്കോർ ഉയർത്താൻ തുടങ്ങി. 32 പന്തുകളിൽ അഞ്ചുഫോറും നാലു സിക്സുമടക്കം 64 റൺസ് നേടിയ ജിതേഷിനെ 19-ാം ഓവറിൽ ബൗൾട്ടാണ് പുറത്താക്കിയത്.
ബുംറയെത്തി
പേസർ ജസ്പ്രീത് ബുംറ പരിക്കുമാറി ഇന്നലെ മുംബയ്‌ക്ക‌് വേണ്ടി കളിക്കാനിറങ്ങിയെങ്കിലും വിക്കറ്റ് വീഴ്ത്താനായില്ല. നാലോവറിൽ 29 റൺസാണ് ബുംറ വഴങ്ങിയത്.
വിരാട് കൊഹ്‌ലി
42 പന്തുകൾ
8 ഫോറുകൾ
2സിക്സുകൾ
67 റൺസ്
വിരാടിന്റെ ഈ സീസണിലെ രണ്ടാം അർദ്ധസെഞ്ച്വറി.
10
വർഷത്തിന് ശേഷമാണ് വാങ്കഡേ സ്റ്റേഡിയത്തിൽ ആർ.സി.ബി മുംബയ് ഇന്ത്യൻസിനെ തോൽപ്പിക്കുന്നത്. ഇവിടെ മുംബയ്ക്ക് എതിരെ കളിച്ച 12 മത്സരങ്ങളിൽ ആർ.സി.ബിയുടെ നാലാമത്തെ മാത്രം ജയം.
ഈ സീസണിൽ കൊൽക്കത്ത, ചെന്നൈ, മുംബയ് ടീമുകളെ അവരുടെ തട്ടകത്തിൽ ചെന്ന് തകർത്ത് ആർ.സി.ബി.