ഹാരി ബ്രൂക്ക് ഇംഗ്ളണ്ട് ക്യാപ്ടൻ

Tuesday 08 April 2025 12:15 AM IST

ലണ്ടൻ : ഇംഗ്ളണ്ട് ഏകദിന, ട്വന്റി-20 ഏകദിന ക്രിക്കറ്റ് ക്യാപ്ടനായി ഹാരി ബ്രൂക്കിനെ നിശ്ചയിച്ചു. ചാമ്പ്യൻസ് ട്രോഫിയിൽ ഒരു മത്സരംപോലും ജയിക്കാൻ കഴിയാതിരുന്നതിനെത്തുടർന്ന് ജോസ് ബട്ട്‌ലർ സ്ഥാനമൊഴിഞ്ഞിരുന്നു. ഈ സ്ഥാനത്തേക്കാണ് 26കാരനായ ബ്രൂക്ക് എത്തുന്നത്. 2018 അണ്ടർ 19 ലോകകപ്പിൽ ഇംഗ്ളണ്ടിന്റെ ക്യാപ്ടനായിരുന്ന ബ്രൂക്ക് കഴിഞ്ഞ വർഷം ഓസ്ട്രേലിയയ്ക്ക് എതിരെ ബട്ട്‌ലറുടെ അഭാവത്തിൽ താത്കാലിക നായകനുമായിരുന്നു.

ഇംഗ്ളണ്ടിന് വേണ്ടി 24 ടെസ്റ്റുകളും 26 ഏകദിനങ്ങളും 44 ട്വന്റി-20കളും കളിച്ചിട്ടുള്ള താരമാണ് ബ്രൂക്ക്. ടെസ്റ്റിൽ എട്ട് സെഞ്ച്വറികളും 10 അർദ്ധസെഞ്ച്വറികളും അടക്കം 2281 റൺസും ഏകദിനങ്ങളിൽ ഒരു സെഞ്ച്വറിയും അഞ്ച് അർദ്ധ സെഞ്ച്വറികളുമടക്കം 816 റൺസും ട്വന്റി-20യിൽ നാല് അർദ്ധസെഞ്ച്വറികളടക്കം 798 റൺസും നേടിയിട്ടുണ്ട്.

അടുത്തമാസം വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന ഹോം സിരീസിൽ ബ്രൂക്ക് ക്യാപ്ടൻസി ഏറ്റെടുക്കും.