രുദ്രാൻക്ഷ് പാട്ടീലിന് ഷൂട്ടിംഗ് സ്വർണം
Tuesday 08 April 2025 12:17 AM IST
ബ്യൂണസ് അയേഴ്സ് : അർജന്റീനയിൽ നടക്കുന്ന ഷൂട്ടിംഗ് ലോകകപ്പിൽ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ സ്വർണം നേടി ഇന്ത്യൻ താരം രുദ്രാൻക്ഷ് പാട്ടീൽ. പാരീസ് ഒളിമ്പിക്സിന് ക്വാട്ട ബർത്ത് നേടിയിരുന്നെങ്കിലും സെലക്ഷൻ ട്രയൽസിൽ പിന്നാക്കം പോയതിനാൽ പങ്കെടുക്കാൻ കഴിയാതിരുന്ന താരമാണ് രുദ്രാൻക്ഷ്. നേരത്തേ വേൾഡ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിട്ടുള്ള താരമാണ് മഹാരാഷ്ട്രക്കാരനായ രുദ്രാൻക്ഷ്. 252.9 പോയിന്റുമായാണ് രുദ്രാൻക്ഷ് ലോകകപ്പിൽ സ്വർണം വെടിവെച്ചിട്ടത്. പാരീസ് ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യയുടെ അർജുൻ ബബുതയും ലോകകപ്പിന്റെ ഫൈനലിലെത്തിയിരുന്നെങ്കിലും ഏഴാം സ്ഥാനത്തേ എത്താനായുള്ളൂ.