തെരുവ് വിളക്കുകളില്ല, നഗരത്തിൽ... അന്തി മയങ്ങിയാൽ അന്തം വിട്ട് ജനം!

Tuesday 08 April 2025 1:35 AM IST

കൊല്ലം: തെളിയുന്ന തെരുവ് വിളക്കുകൾ ഏഴയലത്തുപോലും ഇല്ലാത്തതിനാൽ സന്ധ്യ മയങ്ങിയാൽ നഗരത്തിലെ പ്രധാന ജംഗ്ഷനുകളിൽ ഇരുട്ട് നിറയും. ആശ്രാമം, ഇരുമ്പുപാലം, കളക്ടറേറ്റ് ജംഗ്ഷൻ മുതൽ ഹൈസ്കൂൾ ജംഗ്ഷൻ വരെയുള്ള ഭാഗം, കർബല- റെയിൽവേ സ്റ്റേഷൻ റോഡ് എന്നിവിടങ്ങളിലെല്ലാം ഈ സമയം ഇത്തിരി വെളിച്ചം ലഭിക്കണമെങ്കിൽ വണ്ടികൾ കടന്നു പോകണം.

മാസങ്ങളായി ഇതാണ് അവസ്ഥ. മീഡിയനുകളിലും പാലത്തിലുമുള്ള തെരുവ് വിളക്കുകളാണ് തെളിയാത്തത്. കാൽനടയാത്രക്കാരും ഇരുചക്ര വാഹന യാത്രികരും ഒരേപോലെ ബുദ്ധിമുട്ടുകയാണ്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും മറ്റും സ്ത്രീകൾ ഉൾപ്പെടെ നിരവധി പേരാണ് ഇവിടങ്ങളിലൂടെ കടന്നുപോകുന്നത്. കടകളിലെ വെട്ടം കൂടി അണഞ്ഞാൽ പ്രദേശം പൂർണമായും ഇരുട്ടിലാകും. ഇതോടെ, ഭയത്തോടെയാണ് ഇതുവഴി​യുള്ള യാത്ര. തെരുവുനായ ശല്യവും ഈ ഭാഗങ്ങളിൽ രൂക്ഷമാണ്. ഇരുട്ടായതിനാൽ തെരുവുനായ്ക്കൾ നിൽക്കുന്നത് പെട്ടെന്ന് ശ്രദ്ധയിൽപ്പെടില്ല. ഇവ കുരച്ച് ചാടുമ്പോൾ ഒഴിഞ്ഞുമാറുന്നത് റോഡിലേക്കാണ്. തുരുതുരെ വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ തലനാരിഴയ്ക്കാണ് പലരും രക്ഷപ്പെടുന്നത്.

നടപടിയില്ല

കേബിളുകളുടെ തകരാറാണ് വിളക്ക് തെളിയാത്തതിന് കാരണമായി അധികൃതർ പറയുന്നത്. വിളക്കുകളുടെ അറ്റകുറ്റപ്പണികൾ കോർപ്പറേഷന്റെ ചുമതലയാണ്. കോർപ്പറേഷൻ കരാർ നൽകുന്നവരാണ് ഇവ തെളിക്കേണ്ടത്. നഗരത്തിലെ തിരക്കേറിയ റോഡുകൾ ഇരുട്ടിൽ മുങ്ങിയിട്ടും നടപടിയെടുക്കാൻ അധികൃതർ സ്വീകരിക്കുന്നില്ല.

ഇരുട്ടായാൽ മൊബൈലിലെ ഫ്ലാഷ് ഓണാക്കിയാണ് നടക്കുന്നത്. എത്രയും വേഗം തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാൻ അധികൃതർ തയ്യാറാകണം

മിനി, കാൽനട യാത്രക്കാരി