ശുചീകരണം നടത്തി​യി​ട്ടും... മാലിന്യം ഒഴിയാതെ തീരദേശ മേഖല

Tuesday 08 April 2025 1:41 AM IST
ശുചിത്വ സാഗരം, സുന്ദര തീരം പദ്ധതിയുടെ ഭാഗമായി ഹാർബർ എൻജിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 3 ന് വാടി ഭാഗത്തു നിന്ന് മാലിന്യം നീക്കം ചെയ്തപ്പോൾ

കൊല്ലം: ശുചീകരണം നടത്തി​യി​ട്ടും മാലിന്യ പ്രശ്നത്തിൽ നിന്ന് മുക്തമാകാതെ തീരദേശം. വാടി ഹാർബർ, മൂതാക്കര, കൊല്ലം പോർട്ട് എന്നിവിടിങ്ങളിലാണ് വലിയ അളവിൽ മാലിന്യം നിക്ഷേപിക്കുന്നത്.

കടലും കടലോരവും പ്ലാസ്‌റ്റിക്‌ മുക്തമാക്കാൻ ലക്ഷ്യമിട്ട്‌ ഫിഷറീസ്‌ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ശുചിത്വ സാഗരം, സുന്ദര തീരം പദ്ധതിയുടെ ഭാഗമായി ഹാർബർ എൻജിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ തീരദേശ മേഖലയിൽ‌ ശുചീകരണം നടത്തിയിരുന്നു. ഇതിനോട് അനുബന്ധിച്ച് കഴി‌ഞ്ഞ 3 ന് വാടി ഭാഗത്തു നി​ന്ന് മാലിന്യങ്ങൾ പൂർണമായും നീക്കി. എന്നാൽ ഇന്നലെ ഇതേ സ്ഥലത്ത് വീണ്ടും മാലിന്യമല ഉയർന്നു. മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയെ ഇന്നലെ മാലിന്യമുക്തമായി പ്രഖ്യാപിച്ചിരുന്നു. ഇതി​നി​ടെയാണ് മാലി​ന്യ നി​ക്ഷേപം നടക്കുന്നത്.

ഭക്ഷണാവശിഷ്ടങ്ങളും അറവുശാലകളിൽ നിന്നും പൗൾട്രി ഫാമുകളിൽ നിന്നുമുള്ള മാലിന്യവും ഡയപ്പറുകളും പ്ലാസ്റ്റിക്കും വസ്ത്രങ്ങളുമടക്കമാണ്‌ ഇവിടെ ഉപേക്ഷിക്കുന്നത്. മഴ പെയ്യുന്നതോടെ മലി​നജലം പരിസരം മുഴുവൻ പരക്കും. മത്സ്യവ്യാപാരത്തിനും മത്സ്യം വാങ്ങാനുമായി നിരവധി പേരാണ് കൊല്ലം പോർട്ട്, വാടി ഹാർബർ എന്നിവിടങ്ങളിലേക്ക് എത്തുന്നത്. ഈ വെള്ളത്തിൽ ചവിട്ടി നടക്കേണ്ട ഗതികേടിലാണ് ജനം.

തെരുവ് നായ്ക്കളും

രാപ്പകൽ വ്യത്യാസമില്ലാതെയാണ് മാലിന്യം ഉപേക്ഷിക്കുന്നത്. ഇറച്ചി അവശിഷ്ടം ഉൾപ്പെടെ കഴിക്കാൻ തെരുവുനായ്ക്കൾ ഈ ഭാഗങ്ങളിൽ തമ്പടിക്കുന്നതും പതിവാണ്. കൊതുക് ശല്യവും രൂക്ഷമാണ്. മാലിന്യ സംസ്കരണത്തിന് ആവശ്യമായ പ്രോജക്ടുകൾ ആവിഷ്കരിച്ച് കാര്യക്ഷമമായി നടപ്പാക്കാൻ കഴിയാത്തതാണ് കാരണം. എന്നാൽ ജനങ്ങളുടെ കാഴ്ചപ്പാടിൽ മാറ്റം വരാതെ പ്രശ്നം പരിഹരിക്കപ്പെട്ടില്ല എന്നാണ് അധി​കൃതരുടെ പക്ഷം.