7 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിനികൾ അറസ്റ്റിൽ

Tuesday 08 April 2025 2:42 AM IST

കൊച്ചി: ഏഴ് കിലോ കഞ്ചാവുമായി കാലടിയിൽ പിടിയിലായ ഒഡീഷ യുവതികൾ സ്ഥിരം കഞ്ചാവു കടത്തുകാർ. മാസത്തിൽ രണ്ടു തവണ കേരളത്തിലേക്ക് കഞ്ചാവെത്തിച്ചിരുന്നതായി ഇവർ പൊലീസിനോട് സമ്മതിച്ചു. പെരുമ്പാവൂർ മുടിക്കലിൽ കുടുംബസമേതം താമസിച്ചിരുന്ന ഒഡീഷ കണ്ഡമാൽ ഉദയഗിരി സ്വർണലത ഡിഗൽ (29), ഗീതാഞ്ജലി ബെഹ്റ (35)എന്നിവരാണ് തിങ്കളാഴ്ച പുലർച്ചെ അറസ്റ്റിലായത്.

കോഴിക്കോട് നിന്ന് കൊട്ടാരക്കരയ്‌ക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസിലായിരുന്നു ഇരുവരും. ബാഗുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഗൂഗിൾ പേ വഴി പണം അയയ്‌ക്കുന്നവർക്ക് ചെറിയ പായ്‌ക്കറ്റുകളാക്കി നൽകുകയായിരുന്നു പതിവ്. ഭർത്താവുമായി വേർപെട്ട് കഴിയുന്ന ഗീതാഞ്ജലി വർഷങ്ങളായി മുടിക്കലിലെ ഒരു കമ്പനിയിൽ ജോലിക്കാരിയാണ്. രണ്ട് മക്കളും പെരുമ്പാവൂരിലെ പ്രമുഖ സ്കൂളിലെ വിദ്യാർത്ഥികളാണ്.

സ്വർണലത കഞ്ചാവ് കടത്താൻ മാത്രമാണ് കേരളത്തിൽ എത്തിയിരുന്നത്. അറസ്റ്റിലാകുമ്പോൾ കുഞ്ഞും ഒപ്പമുണ്ടായിരുന്നു. കുഞ്ഞിന്റെ സംരക്ഷണം ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു. ഇരുവരെയും റിമാൻഡ് ചെയ്തു.

പെരുമ്പാവൂർ എ. എസ്.പിയുടെ പ്രത്യേക അന്വേഷണസംഘവും കാലടി പൊലീസും ചേർന്നായിരുന്നു ഓപ്പറേഷൻ.