കഞ്ചിക്കോട് കാറിൽ യുവാക്കളുടെ സാഹസികയാത്ര: പ്രതികൾ അറസ്റ്റിൽ
പാലക്കാട്: കൊച്ചി - സേലം ദേശീയപാതയിൽ കഞ്ചിക്കോട് കുരുടിക്കാടിന് സമീപം കാറിൽ സാഹസികയാത്ര നടത്തിയ യുവാക്കൾ അറസ്റ്റിൽ. കൽപ്പാത്തി കുന്നുംപുറം സ്വദേശികളായ മുഹമ്മദ് സാലിഹ്, ഷമീർ, അബ്ദുൾ സമദ്, പ്രായപൂർത്തിയാവാത്ത 4 വിദ്യാർത്ഥികൾ തുടങ്ങിയവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ വാഹനത്തിന്റെ ഉടമയായ തിരുനെല്ലായി സ്വദേശി ദിലീപിനെതിരെയും പൊലീസ് കേസെടുത്തു. അപകടകരമായ വിധം വാഹനം ഓടിച്ച മുഹമ്മദ് സാലിഹിന്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പിന് പൊലീസ് ശുപാർശ ചെയ്തു.
കൊച്ചി - സേലം ദേശീയപാതയിൽ ഞായറാഴ്ചയായിരുന്നു യുവാക്കളുടെ സാഹസിക യാത്ര. കാറിന്റെ ഡോറിൽ കയറിയിരുന്നും ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കിയുമായിരുന്നു യാത്ര. ദേശീയപാതയിലെ കഞ്ചിക്കോട് ഭാഗത്തുകൂടി KL09 AS 0460 എന്ന വാഹനത്തിലായിരുന്നു സാഹസിക യാത്ര. റോഡിലെ മറ്റ് യാത്രക്കാരാണ് യുവാക്കളുടെ അപകടകരമായ യാത്രയുടെ ദൃശ്യങ്ങൾ പകർത്തിയത്. ഇത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെയാണ് പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്.
എലപ്പുള്ളി നിന്നും കൂട്ടുപാത വഴി കഞ്ചിക്കോട്, മലമ്പുഴ എന്നീ സ്ഥലങ്ങളിലേക്ക് വാടയ്ക്ക് എടുത്ത കാറിലാണ് സാഹസിക യാത്ര നടത്തിയത്. ഹൈവേയിലൂടെയും മറ്റ് റോഡുകളിലൂടെയും സാഹസികമായ യാത്ര നടത്തുന്നവരെ നിരീക്ഷിക്കുന്നതിന് പ്രത്യേക പട്രോളിംഗ് ടീമിനെ കസബ പൊലീസ് നിയോഗിച്ചിട്ടുണ്ട്. കസബ പൊലീസ് ഇൻസ്‌പെക്ടർ എം.സുജിത്ത്, എസ്.ഐ എച്ച്.ഹർഷാദ്, എ.എസ്.ഐമാരായ കാദർപാഷ, യേശുദാസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സായൂജ്, രാജീദ്, പ്രശോഭ് എന്നിവരാണ് കേസന്വേഷണം നടത്തിയത്.