വിവാഹ വേദിയിൽ പുസ്തക പ്രകാശനം
ചവറ: മകളുടെ വിവാഹ വേദിയിൽ വച്ച് അമ്മയുടെ നോവലിന്റെ പ്രകാശനം നടത്തി. ചവറ തെക്കുംഭാഗം മഠത്തിൽമുക്ക് ലാവില്ല ലേക്ക് സൈഡ് റിസോർട്ടിലായിരുന്നു വേറിട്ടൊരു പുസ്തക പ്രകാശനം. ചവറ ചെറുശേരി ഭാഗം സരസിൽ കെ.സജയന്റെയും രശ്മി സജയന്റെയും മകൾ ഗോപിക രശ്മി സജയനും ചാത്തന്നൂർ കാരംകോട് തടത്തിൽവിള പുത്തൻ വീട്ടിൽ പി.ബാബുമോന്റെയും ലാലി ബാബുവിന്റെയും മകൻ ലിബിൻ ബാബുവും തമ്മിലായിരുന്നു വിവാഹം. കാനഡയിൽ ജോലി ചെയ്യുന്ന ഇരുവരുടെയും വിവാഹം വീട്ടുകാർ ഉറപ്പിച്ചപ്പോഴേ സാഹിത്യകാരി കൂടിയായ രശ്മി സജയൻ പുതിയ നോവലിന്റെ പണിപ്പുരയിലായിരുന്നു. താലികെട്ടും പൂമാല ചാർത്തലും കഴിഞ്ഞ് കുങ്കുമം തൊട്ടശേഷമാണ് അതേ വേദിയിൽ വരൻ വധുവിന് കൈമാറി 'ഹിമ' നോവൽ പ്രകാശനം ചെയ്തത്. വേറിട്ട പുസ്തക പ്രകാശനം കല്യാണത്തിനെത്തിയവർക്കും ഇരട്ടിമധുരമായി. രശ്മി സജയന്റെ അഞ്ചാമത്തെ പുസ്തകമാണ് 'ഹിമ'. ചവറ കെ.എം.എം.എല്ലിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനായ കെ.സജയൻ വാലന്റൈൻ ദിനത്തിൽ ഭാര്യ രശ്മി സജയന്റെ പ്രതിമ വീടിന് മുന്നിൽ നിർമ്മിച്ച് സമർപ്പിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു.