ഗ്രീൻഫീൽഡ് ഹൈവേ നഷ്ടപരിഹാരം... ദേശീയപാത അതോറിട്ടിയുമായി മുഖ്യമന്ത്രി ചർച്ച നടത്തും

Tuesday 08 April 2025 1:51 AM IST

കൊല്ലം: കടമ്പാട്ടുകോണം- ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേയ്ക്കായി ഏറ്റെടുക്കുന്ന ഭൂമിയിലെ കെട്ടിടങ്ങൾക്ക് ദേശീയപാത 66ന്റെ പാക്കേജിലേത് പോലെ, കാലപ്പഴക്കം പരിഗണിക്കാതെ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യത്തിൽ ദേശീയപാത അധികൃതരുമായി മുഖ്യമന്ത്രി വൈകാതെ ചർച്ച നടത്തും.

ദേശയീപാത 66 വികസനത്തിനായി പൊളിച്ചുനീക്കിയ കെട്ടിടങ്ങൾക്ക്, പുനർ നിർമ്മിക്കാൻ ആവശ്യമായ തുകയുടെ ഇരട്ടിയാണ് നൽകിയത്. അതും, കാലപ്പഴക്കം പരിഗണിക്കാതെ. ഇതേ പാക്കേജ് തന്നെ ഗ്രീൻഫീൽഡ് ഹൈവേയ്ക്കും നടപ്പാക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ ദേശീയപാത അതോറിട്ടി ഈ പാക്കേജ് ദേശീയപാത 66നും 966നും മാത്രമായി പരിമിതപ്പെടുത്തി. ഇതോടെ, കെട്ടിടത്തിന്റെ കാലപ്പഴക്കം കണക്കാക്കിയുള്ള നഷ്ടപരിഹാരത്തുകയാണ് ഇപ്പോൾ നിശ്ചയിക്കുന്നത്. ഇതിനെതിരെ ഭൂവുടമകളിൽ പ്രതിഷേധം ശക്തമായതോടെയാണ് സംസ്ഥാന സർക്കാരിന്റെ ഇടപെടൽ. ദേശീയപാത അതോറിട്ടിയുടെ പുതിയ തീരുമാന പ്രകാരം കെട്ടിടം പുനർനിർമ്മിക്കാൻ ആവശ്യമായ തുകയിൽ നിന്ന് കാലപ്പഴക്കത്തിന്റെ തുക കുറച്ച ശേഷം അതിന്റെ ഇരട്ടി മാത്രമേ ഷ്ടപരിഹാരമായി കണക്കാക്കുകയുള്ളൂ.

നഷ്ടം ചെറുതല്ല

ദേശീയപാത 66ന്റെ പാക്കേജ് പ്രകാരം, നഷ്ടമായ ഒരു കെട്ടിടം പുനർനിർമ്മിക്കാൻ 10 ലക്ഷമാണ് വേണ്ടതെങ്കിൽ അതിന്റെ ഇരട്ടിയായ 20 ലക്ഷവും ഈ തുക വിതരണം ചെയ്യുന്നത് വരെയുള്ള പലിശയും ഉടമയ്ക്ക് ലഭിക്കും. എന്നാൽ ഗ്രീൻഫീൽഡ് ഹൈവേയുടെ പാക്കേജ് പ്രകാരം കെട്ടിടം പുനർമ്മിക്കാൻ ആവശ്യമായ പത്ത് ലക്ഷം രൂപയിൽ നിന്ന് കാലപ്പഴക്കത്തിനുള്ള നിശ്ചിത തുക കുറച്ച് അതിന്റെ ഇരട്ടിയാണ് നഷ്ടപരിഹാരമായി നൽകുന്നത്.

വില നിർണയിക്കുന്നത് സ്വകാര്യ ഏജൻസി

 ഏജൻസിയെ നിയോഗിച്ചത് ദേശീയപാത അതോറിട്ടി

 നേരത്തെ നിർണയിച്ച വിലയിൽ മാറ്റമുണ്ടാകും  ദേശീയപായ 66ന്റെ പാക്കേജ് നൽകണമെന്നത് പൊതുആവശ്യം

വില്ലേജുകൾ, ഏറ്റെടുക്കുന്ന സ്ഥലം ഹെക്ടറിൽ, നഷ്ടപരിഹാരം

ഇട്ടിവ- 2.28, ₹ 20 കോടി

നിലമേൽ- 4.34, ₹ 29 കോടി

അലയമൺ- 8.95, 61 കോടി