രേഖകളില്ലാതെ ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ്; ഹാജരാക്കാൻ നോട്ടീസ്
കൊച്ചി: ഡയറക്ട് മാർക്കറ്റിംഗ് സ്ഥാപനത്തിലെ ജീവനക്കാരെ ടാർജറ്റ് എത്താത്തതിന് നായയെപ്പോലെ പീഡിപ്പിച്ച സംഭവത്തിലെ അന്വേഷണത്തിന്റെ ഭാഗമായി എറണാകുളം പാലാരിവട്ടത്തെ ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് എന്ന സ്ഥാപനത്തിന് തൊഴിൽവകുപ്പ് നോട്ടീസ് നൽകി. ഇന്നലെ നടന്ന പരിശോധനയിൽ സ്ഥാപനത്തിന് രേഖകളൊന്നും ഹാജരാക്കാൻ കഴിഞ്ഞില്ല. വാർഷിക പരിശോധനയുടെ ഭാഗമായി ഇവ അക്കൗണ്ടന്റിന്റെ കൈവശമാണെന്നായിരുന്നു ഉടമയുടെ മറുപടി. അഞ്ച് ദിവസത്തിനകം രേഖകൾ ഹാജരാക്കാൻ തൊഴിൽവകുപ്പ് നോട്ടീസ് നൽകി.
ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിന്റെ ഫ്രാഞ്ചൈസിയായ പെരുമ്പാവൂരിലെ കെൽട്രോ എന്ന ഡയറക്ട് മാർക്കറ്റിംഗ് സ്ഥാപനത്തിലാണ് തൊഴിൽപീഡനമുണ്ടായത്.
11 കെൽട്രോ ജീവനക്കാരുടെ മൊഴികൾ ഇന്നലെ രേഖപ്പെടുത്തി. തൊഴിൽ പീഡനം നേരിട്ടിട്ടില്ലെന്നാണ് എല്ലാവരുടെയും മൊഴി. ഉച്ചയ്ക്ക് ആരംഭിച്ച പരിശോധന വൈകിട്ടുവരെ നീണ്ടു. അവധിയിലായിരുന്ന ചില ജീവനക്കാരുടെ മൊഴികൾ അടുത്തദിവസം രേഖപ്പെടുത്തും. ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിന് പാനായിക്കുളത്തടക്കം നിർമ്മാണ യൂണിറ്റുകളുണ്ട്. ഇവിടങ്ങളിൽ തൊഴിൽവകുപ്പ് പരിശോധന നടത്തും.
അതേസമയം, താനും തൊഴിൽപീഡനത്തന് ഇരയായെന്ന് വെളിപ്പെടുത്തി പൊലീസ് കേസിലെ പ്രതിയായ വടകര പറക്കണ്ടി വീട്ടിൽ മനാഫ് സമൂഹമാദ്ധ്യമങ്ങളിൽ രംഗത്തുവന്നു. തെളിവുകൾ കൈവശമുണ്ടെന്നും തൊഴിൽ പീഡനത്തിന് എതിരെ ഏതറ്റംവരെയും പോകുമെന്നും മനാഫ് വീഡിയോയിൽ പറയുന്നു.
മാനാഫ് പരാതി നൽകിയാൽ വിശദമായി അന്വേഷിക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ ജി. വിനോദ് കുമാർ പറഞ്ഞു.
കെൽട്രോയിലെ ജീവനക്കാരിയുടെ പരാതിയിൽ ഞായറാഴ്ച മനാഫിനെതിരെ സ്ത്രീത്വത്തെ അവഹേളിച്ചതിന് പൊലീസ് കേസെടുത്തിരുന്നു. മനാഫ് സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിൽ കേസെടുത്തിട്ടുമില്ല.
മനാഫിനെതിരെ മറ്റൊരു കേസുകൂടിയെടുക്കാൻ പൊലീസ് നിയമോപദേശം തേടി. പുറത്തുവന്ന വീഡിയോയിൽ ബെൽറ്റിട്ട് മുട്ടിൽ നടത്തിച്ച രണ്ടു യുവാക്കളുടെ മൊഴിയിലാണിത്.