മന്ത്രി ശിവൻകുട്ടിക്ക് നിവേദനം നൽകി ആശമാർ

Tuesday 08 April 2025 2:15 AM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരം നടത്തുന്ന ആശാവർക്കർമാർ ഓണറേറിയം വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ തൊഴിൽമന്ത്രി വി.ശിവൻകുട്ടിയെ നേരിൽക്കണ്ട് നിവേദനം നൽകി. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ.സദാനന്ദൻ, ജനറൽ സെക്രട്ടറി എം.എ.ബിന്ദു എന്നിവരാണ് മന്ത്രിയുടെ ഓഫീസിലെത്തി നിവേദനം നൽകിയത്. വേതന വർദ്ധന പ്രഖ്യാപിച്ചാലേ സമരം അവസാനിപ്പിക്കൂവെന്നും വ്യക്തമാക്കി.

മൂന്നുതവണ ആരോഗ്യമന്ത്രി വീണാജോർജുമായി നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് തൊഴിൽമന്ത്രിക്ക് നിവേദനം നൽകിയത്. വിഷയം പഠിക്കാനുള്ള കമ്മിറ്റിയുടെ സമയദൈർഘ്യം ഒരു മാസമായി കുറയ്ക്കുന്നത് ഉൾപ്പെടെ ആരോഗ്യമന്ത്രിയോട് സംസാരിക്കാമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചതായി സമരസമിതി നേതാക്കൾ അറിയിച്ചു.സമരം അവസാനിപ്പിക്കുന്നതിനായി ഇടപെടൽ നടത്താമെന്ന തൊഴിൽമന്ത്രിയുടെ വാക്കുകളിൽ പ്രതീക്ഷയുണ്ടെന്നും വ്യക്തമാക്കി.

ആരോഗ്യമന്ത്രി

സ്വാഗതം ചെയ്തു

സമരസമിതി നേതാക്കൾ തൊഴിൽ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനെ ആരോഗ്യമന്ത്രി വീണാജോർജ് സ്വാഗതം ചെയ്തു. സമരം അവസാനിപ്പിക്കണമെന്നാണ് സർക്കാർ ആവശ്യപ്പെടുന്നത്. ആശാപ്രവർത്തകരുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലെ തീരുമാനപ്രകാരം ഓണറേറിയം വർദ്ധന ഉൾപ്പെടെ പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കുമെന്ന തീരുമാനവുമായി മുന്നോട്ടുപോകും. ഐ.എ.എസ് ഉദ്യോഗസ്ഥനായിരിക്കും കമ്മിറ്റിയുടെ ചുമതലയെന്നും മന്ത്രി പറഞ്ഞു.