എംസി റോഡിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം, മൂന്നുപേർക്ക് പരിക്ക്
Tuesday 08 April 2025 7:01 AM IST
കോട്ടയം: ജീപ്പും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. മൂന്ന് പേർക്ക് പരിക്ക്. കോട്ടയം നാട്ടകത്ത് ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. കോട്ടയം എംസി റോഡിൽ നാട്ടകം പോളിടെക്‌നിക് കോളേജിന് സമീപമാണ് അപകടമുണ്ടായത്. ബംഗളൂരുവിൽ നിന്ന് ലോഡ് കയറ്റിവന്ന ലോറിയിലേയ്ക്ക് ജപ്പ് ഇടിച്ചുകയറുകയായിരുന്നു.
ജീപ്പ് യാത്രക്കാരാണ് മരിച്ചത്. ജീപ്പിന് പിന്നിലിരുന്നവർക്കാണ് പരിക്കേറ്റത്. ഇന്റീരിയർ വർക്ക് ചെയ്യുന്നവരാണ് ജീപ്പിലുണ്ടായിരുന്നത്. ഇവർ തൊടുപുഴ സ്വദേശികളാണെന്നാണ് വിവരം.
അപകടത്തിൽ ജീപ്പിന്റെ മുൻവശം പൂർണമായും തകർന്നു. അഗ്നിരക്ഷാസേന എത്തിയാണ് വാഹനം നീക്കം ചെയ്തത്. അപകടത്തെത്തുടർന്ന് പ്രദേശത്ത് വലിയ ഗതാഗത തടസം നേരിട്ടിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.