'നോമ്പുകാലത്ത് ഒരു തുള്ളി വെള്ളം കിട്ടാതെ മരിച്ചവരുടെ ലിസ്റ്റ് സുരേന്ദ്രൻ പുറത്തുവിടട്ടേ'; മറുപടിയുമായി പികെ ഫിറോസ്
മലപ്പുറം: നോമ്പുകാലത്ത് ഒരു തുള്ളി വെള്ളം കിട്ടാതെ മരിച്ചവരുടെ ലിസ്റ്റ് ബിജെപി നേതാവ് സുരേന്ദ്രൻ പുറത്തുവിടട്ടേയെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. അടുത്ത നോമ്പുകാലത്ത് രാമനാട്ടുകര മുതൽ എടപ്പാൾ വരെ യാത്ര നടത്താൻ സുരേന്ദ്രൻ തയ്യാറാണെങ്കിൽ യൂത്ത് ലീഗ് കൊണ്ടുപോകുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. വ്രതമെടുക്കുന്ന ഒരു മാസം മലപ്പുറം ജില്ലയിൽ ഒരു തുള്ളി വെള്ളം പോലും ലഭിക്കില്ലെന്ന സുരേന്ദ്രന്റെ പരാമർശത്തിൽ മറുപടിയായാണ് ഫിറോസ് ഇക്കാര്യം പറഞ്ഞത്.
'ചില ഹോട്ടലുകൾ നോമ്പുകാലത്ത് തുറക്കില്ല. എന്താണ് കാരണം. മലപ്പുറം ജില്ലയിൽ ഭൂരിഭാഗം പേരും നോമ്പ് എടുക്കുമ്പോൾ കച്ചവടം കുറവായിരിക്കും അതാണ് പലരും ഹോട്ടൽ തുറക്കാത്തത്. ഈ സമയത്താണ് അന്യസംസ്ഥാനക്കാർ ലീവ് എടുത്ത് നാട്ടിലേക്ക് പോകുന്നത്. അങ്ങനെയാണെങ്കിൽ കെ സുരേന്ദ്രൻ ബിജെപിക്കാരെ കൂട്ടി നൊമ്പ് കാലത്ത് മലപ്പുറം ജില്ലയിൽ പോയി ഭക്ഷണം കഴിച്ച് അവിടത്തെ ഹോട്ടലുകളുടെ കച്ചവടം കൂട്ടട്ടെ. കച്ചവടം കൂടുതലായാൽ ആളുകൾ കട തുറക്കും.
അടിസ്ഥാനരഹിതമായ ആരോപണമാണ് സുരേന്ദ്രൻ ഉന്നയിക്കുന്നത്. അടുത്ത നോമ്പുകാലത്ത് രാമനാട്ടുകര മുതൽ എടപ്പാൾ വരെ യാത്ര നടത്താൻ സുരേന്ദ്രൻ തയ്യാറാണെങ്കിൽ യൂത്ത് ലീഗ് കൊണ്ടുപോകും. പക്ഷേ അദ്ദേഹം തയ്യാറാവില്ല. ഈ കള്ളം പിന്നെയും പിന്നെയും ആവർത്തിക്കുന്നു. ഇങ്ങനെ നുണപറയുന്നവരോട് സംസ്ഥാന സർക്കാരിന്റെ നിലപാട് എന്താണെന്ന് അറിയണം. സംസ്ഥാന സർക്കാർ സുരേന്ദ്രനെതിരെ നടപടി എടുക്കുന്നില്ല',- പി കെ ഫിറോസ് വ്യക്തമാക്കി.
ശബരിമല വ്രതം നോക്കുന്ന കാലത്ത് കടകളിലൊന്നും നിർബന്ധപൂർവം വെജിറ്റേറിയൻ കച്ചവടമേ നടത്താൻ പാടുള്ളൂവെന്ന് പറയാറില്ല. പക്ഷേ മലപ്പുറം ജില്ലയിൽ ഒരുമാസം ഒരു തുള്ളി വെള്ളം ഒരാൾക്കും ലഭിക്കില്ല. എന്തൊരു ഫാസിസ്റ്റ് സമീപനമാണിതെന്നാണ് സുരേന്ദ്രൻ പറഞ്ഞത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. രാമനാട്ടുകര മുതൽ തൃശൂർ ജില്ലയുടെ അതിർത്തിവരെ ഒരു തുള്ളി വെള്ളം ആർക്കും കിട്ടില്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.