വർഗീയ പരാമർശം, കെ. ആർ ഇന്ദിരയ്ക്കെതിരെ ജാമ്യമില്ല വകുപ്പിൽ കേസെടുത്തു

Tuesday 03 September 2019 11:59 PM IST

കൊടുങ്ങല്ലൂർ: സോഷ്യൽ മീഡിയയിലൂടെ വർഗീയ പരാമർശം നടത്തിയ എഴുത്തുകാരി കെ. ആർ. ഇന്ദിരക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തു. സമൂഹത്തിൽ മതസ്പർദ്ധ വളർത്താൻ ശ്രമിച്ചതിന് ജാമ്യമില്ല വകുപ്പായ ഐ.പി.സി 153 എ പ്രകാരവും, സോഷ്യൽ മീഡിയ വഴി അപകീർത്തിപരമായ പ്രചാരണം നടത്തിയതിന് കേരള പൊലീസ് ആക്ട്120 ഒ വകുപ്പ് പ്രകാരവുമാണ് കേസെടുത്തിയിരിക്കുന്നത്. കൊടുങ്ങല്ലൂർ സ്വദേശിയായ എം.ആർ വിപിൻദാസിന്റെ പരാതിയിലാണ് കേസ്.

കെ.ആർ ഇന്ദിരയുടെ പരാമർശം നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കുന്ന തരത്തിലുള്ളതാണെന്ന് പരാതിയിൽ പറയുന്നു. ദേശീയ പൗരത്വ പട്ടികയിൽ നിന്നും പത്തൊമ്പത് ലക്ഷം പേർ പുറത്തായതുമായി ബന്ധപ്പെട്ടാണ് ഇന്ദിര ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയത്. അനധികൃത കുടിയേറ്റക്കാരെ ക്യാമ്പിൽ മിനിമം സൗകര്യങ്ങൾ നൽകി പാർപ്പിച്ച് വോട്ടും റേഷൻകാർഡും ആധാർകാർഡും നൽകാതെ പെറ്റുപെരുകാതിരിക്കാൻ സ്റ്ററിലൈസ് ചെയ്യണമെന്നാണ് കെ.ആർ ഇന്ദിര ഫേസ്ബുക്കിൽ കുറിച്ചത്.

താത്തമാർ പന്നി പെറും പോലെ പെറ്റുകൂട്ടുന്നു. അത് നിർത്താനാണ് സ്റ്റെറിലൈസ് ചെയ്യുന്നതെന്ന്. പൈപ്പ് വെള്ളത്തിൽ ഗർഭനിരോധന മരുന്ന് കലർത്തി വേണം മുസ്‍ലിംകളുടെ പ്രസവം നിർത്താനെന്നും കെ.ആർ ഇന്ദിര ഫേസ്ബുക്കിൽ പറഞ്ഞു.’ ഇതിനെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധമുയ‌ർന്നിരുന്നു.