സർക്കാർ കൈവിട്ടതോടെ 20 രൂപ 35 രൂപയാക്കി; മലയാളികൾക്ക് ആശ്വാസമായ പദ്ധതി അവസാനിപ്പിക്കുന്നു?

Wednesday 09 April 2025 12:12 PM IST

തിരുവനന്തപുരം: സാധാരണക്കാരന് കുറഞ്ഞ വിലയ്‌ക്ക് ഭക്ഷണം ഉറപ്പാക്കാൻ സർക്കാർ കൊണ്ടുവന്ന ജനകീയ ഹോട്ടൽ പദ്ധതി മുന്നോട്ടുപോകാനാകാത്ത അവസ്ഥയിൽ. സബ്‌സിഡി ഇല്ലാതാക്കിയതും ഊണിന് 35 രൂപ നിശ്ചയിച്ചതുമാണ് പദ്ധതിയുടെ താളം തെറ്റിച്ചത്.

സംസ്ഥാനത്തെ ഹോട്ടലുകൾ തോന്നുംപടി വില ഈടാക്കുന്ന സാഹചര്യത്തിലായിരുന്നു സർക്കാർ ഈ പദ്ധതി മുന്നോട്ടുവച്ചത്. എന്നാൽ, ഹോട്ടൽ നടത്തുന്ന കുടുംബശ്രീ യൂണിറ്റുകൾക്ക് ലക്ഷങ്ങളുടെ കുടിശികയാണ് സർക്കാർ നൽകാനുള്ളത്. വാടകയും വൈദ്യുതി ബില്ലും നൽകുമെന്ന് വാഗ്ദാനം ചെയ്‌തിരുന്നെങ്കിലും നൽകിയില്ല.

സർക്കാർ സബ്‌സിഡി നിർത്തലാക്കിയതോടെ 20 രൂപയ്‌ക്ക് ഊണെന്ന ആശയം ഇല്ലാതായി. 35 രൂപയാണ് ഇപ്പോഴത്തെ വില. ഉണ്ടായിരുന്ന ജനകീയ ഹോട്ടലുകളിൽ പകുതിയിലേറെയും അടച്ചുപൂട്ടി. വാങ്ങുന്നവരുടെ എണ്ണവും കുറഞ്ഞു. 2019-20 സാമ്പത്തിക വർഷത്തിൽ ബഡ്‌ജറ്റ് അവതരിപ്പിച്ച 'വിശപ്പ് രഹിത കേരളം' പദ്ധതിയുടെ ഭാഗമായി കൊവിഡ് കാലത്താണ് ജനകീയ ഹോട്ടലുകൾ ആരംഭിച്ചത്. ഊണിന് 20 രൂപയും പാഴ്‌സലിന് 25 രൂപയും നിക്കിലാണ് ജനകീയ ഹോട്ടലുകളിൽ ഭക്ഷണം നൽകിയിരുന്നത്. പത്ത് രൂപ വീതം ഒരു ഊണിന് സർക്കാർ പ്രഖ്യാപിച്ച സബ്‌സിഡിയാണ് കാലങ്ങളായി കുടിശികയായിരിക്കുന്നത്.