ഗരുഡൻ തൂക്കത്തിനൊരുങ്ങി അരയങ്കാവ് ഭഗവതി ക്ഷേത്രം
അരയങ്കാവ്: പറന്നു പയറ്റി കാഴ്ച വിസ്മയം ഒരുക്കുന്ന ഗരുഡന്മാരുടെ സംഗമത്തിന് ഒരുങ്ങി അരയൻകാവ് ഭഗവതി ക്ഷേത്രം. ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള പ്രധാന വഴിപാടായ ഗരുഡൻ തൂക്കം ഇന്ന് നടക്കും. വൈകിട്ട് ഏഴിന് വിശാലമായ പൂരപ്പറമ്പിൽ തൂക്കം അവതരിപ്പിക്കുന്നവരെ കാണാൻ ഗ്രാമം മുഴുവൻ ഒത്തുകൂടും. വീടുകളിൽ ഐശ്വര്യം കൊണ്ടുവരുവാനും ജീവിതത്തിൽ നിന്ന് ശത്രുക്കളുടെ ഭയം അകറ്റാനും കുടുംബങ്ങൾ ഗരുഡൻ തൂക്കം നടത്തുന്നു. കേരളത്തിലെ ഏറ്റവും കൂടുതൽ ഗരുഡൻ തൂക്കങ്ങൾ വഴിപാടായി എത്തുന്ന ക്ഷേത്രമാണ് അരയങ്കാവ്. ഗരുഡൻ തൂക്കം ആരംഭിക്കുന്നതിന് മുമ്പ് ക്ഷേത്രത്തിലെ പതിവ് ചടങ്ങുകൾക്കു ശേഷം ദേവിയുടെ വിഗ്രഹം പുറത്തെടുത്ത് പ്രത്യേകം രൂപകല്പന ചെയ്ത ഇളങ്കാവിൽ (തൂക്കത്തിന് പ്രത്യേകം രൂപകല്പന ചെയ്ത ഒരു ചെറിയ ക്ഷേത്രം) പ്രതിഷ്ഠിക്കുന്നു. കലാകാരന്മാർ ചുവന്ന വസ്ത്രങ്ങളും ശിരോവസ്ത്രവും ധരിച്ച് ചുവന്ന നിറത്തിലുള്ള മനോഹരമായ വേഷവിധാനങ്ങളോടെ ഗരുഡന്റെ വേഷം ധരിക്കുന്നു. സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ അവർ നൃത്തം അവതരിപ്പിക്കുമ്പോൾ പ്രകടനത്തിൽ 18 താളവട്ടം (നാട്യരീതികൾ) ഉൾപ്പെടുന്നു. കാള വണ്ടിയിലോ കൈകൊണ്ട് വലിക്കുന്ന വണ്ടികളിലോ എത്തുന്ന ഗരുഡന്മാർ ഘോഷയാത്രയായി പൂരപ്പറമ്പിൽ അണിനിരക്കുന്നു. ദാരികനെ നിഗ്രഹിച്ചെത്തി വിശ്രമിക്കുന്ന ദേവിയെ വണങ്ങി ഗരുഡൻ സ്വന്തം രക്തം സമർപ്പിക്കുന്നു എന്നാണ് ഗരുഡൻ തൂക്കത്തിന്റെ ഐതിഹ്യം.
ഒറ്റത്തൂക്കങ്ങളും ദാരികൻ തൂക്കങ്ങളും
ഇന്ന് രാവിലെ 7.30ന് സംഗീതാർച്ചന, 10.30ന് തിരുവാതിരകളി, 11ന് നൃത്തനൃത്ത്യങ്ങൾ, വൈകിട്ട് 4ന് ഇളങ്കാവിലേക്ക് എഴുന്നള്ളിപ്പ്, തുടർന്ന് ഒറ്റത്തൂക്കങ്ങളും ദാരികൻ തൂക്കങ്ങളും നടക്കും. രാത്രി 11 മുതൽ ഗരുഡൻ തൂക്കങ്ങൾ പൂരപ്പറമ്പിലെത്തും. പുലർച്ചെ ഒന്നിന് ഗരുഡൻ തൂക്കങ്ങൾ ക്ഷേത്ര നടയിലേക്ക് പ്രവേശിക്കും. തുടർന്ന് ചൂണ്ടകുത്തൽ, ശേഷം തിരിച്ചെഴുന്നള്ളിപ്പ്.