 പടക്കവിപണിയിൽ വിഷുപ്പൂരം 'കുടമാറ്റം" മുതൽ 'കൊടുവാൾ" വരെ

Thursday 10 April 2025 12:45 AM IST

കൊച്ചി: വിഷുവിന് 'കുടമാറ്റ"ത്തോടെ വർണപ്പൂരമൊരുക്കാൻ ശിവകാശിയിൽ നിന്ന് കുടകളുടെ ഘോഷയാത്ര. അംബ്രല്ല കമ്പിത്തിരി, നാനോ കമ്പിത്തിരി ഉൾപ്പെടെ കളർഫുൾ താരങ്ങൾ എത്തിയതോടെ പടക്കവിപണിയിൽ വില്പന കത്തിക്കയറുന്നു. കൊടുവാൾ, ചോക്കലേറ്റ് ചക്രം, എമു എഗ് തുടങ്ങിയവയ്ക്കും ആവശ്യക്കാരേറെ.

നിവർത്തിവച്ച കുടയുടെ ആകൃതിയിൽ കറങ്ങി കത്തുന്നതാണ് അംബ്രല്ല കമ്പിത്തിരി. വ്യത്യസ്ത നിറങ്ങളിൽ കത്തുന്ന അഞ്ച് കമ്പിത്തിരികളുണ്ടാകും. ഇതിന്റെ ചെറിയ രൂപമാണ് നാനോ കമ്പിത്തിരി. 'കൊടുവാൾ" പോലുള്ള പൂത്തിരിയും പല നിറങ്ങളിൽ കത്തും. പിടിയുള്ളതിനാൽ വേണമെങ്കിൽ ചെറുതായി വീശാം.

പേരുമായി ഒരു ബന്ധവുമില്ലെങ്കിലും ചോക്കലേറ്റ് ചക്രം ചില്ലറക്കാരനല്ല. ചോക്കലേറ്റ് പോലെ പൊതിഞ്ഞുവച്ചിരിക്കുന്ന ഇത് കത്തിയാൽ ചെറു ചക്രങ്ങൾ തെറിച്ച് കറങ്ങിക്കത്തും.

'എമു എഗ്" എന്ന മേശപ്പൂ കത്തിക്കഴിയുമ്പോൾ വലിയൊരു 'മുട്ട' കിട്ടും. മുട്ടയുടെ ആകൃതിയിലുള്ള ബലൂൺ പിൻഭാഗത്തായി വീർത്തുവരും.

വർണങ്ങളും കൗതുകങ്ങളും ഒളിപ്പിച്ച പടക്കങ്ങൾ വാങ്ങാനാണ് ഏറെപേരും ഇഷ്ടപ്പെടുന്നത്. ബഹുവർണങ്ങളിൽ മൂളലോടെ കത്തുന്ന 'മോട്ടുപൊട്ടലു" എന്ന കുരവപ്പൂ, തോക്കിന്റെ ആകൃതിയിലുള്ള ലാത്തിരി 'ടോപ് ഗൺ" എന്നിവ പഴയ താരങ്ങളാണെങ്കിലും ആവശ്യക്കാർ കൂടുതലാണ്.

 എല്ലായിടത്തും പുതുമ

കമ്പിത്തിരി, മത്താപ്പൂ, മേശപ്പൂ എന്നിവയാണ് ഏറ്റവും കൂടുതൽ ചെലവാകുന്നതെന്ന് വില്പനക്കാർ പറയുന്നു. പൊതുവേ അപകടം കുറവുമാണ്. കുട്ടികളുള്ള വീടുകളിൽ ശബ്ദംകൂടിയ പടക്കങ്ങൾ ഒഴിവാക്കുന്നു. പഴയതാരമായ ഓലപ്പടക്കത്തിന്റെ വരവ് കുറഞ്ഞു. ചെറിയ പായ്ക്കറ്റിന് 80 രൂപയാണ് ശരാശരി വില. എണ്ണക്കൂടുതൽ, വലിപ്പം എന്നിവയാണ് വില നിശ്ചയിക്കുന്നത്. പാളിപ്പടക്കം ചെറിയ പായ്ക്കറ്റിന് 70 രൂപ മുതൽ. മുകളിൽപോയി കത്തി വർണം വിതറുന്ന ഷോട്ടുകൾ ധാരാളം പേർ വാങ്ങുന്നുണ്ട്. മാർക്കോ, ബസൂക്ക, പീക്കോക്ക് തുടങ്ങിയ പേരുകളിലും ഷോട്ടുകളുണ്ട്.

വില അംബ്രല്ലാ കമ്പിത്തിരി-250 രൂപ നാനോ കമ്പിത്തിരി-150 കൊടുവാൾ-200 ചോക്കലേറ്റ് ചക്രം (5 പീസ്)-200 എമു എഗ്-220 ഷോട്ടുകൾ-20 രൂപ മുതൽ

മോട്ടുപൊട്ടലു- 280

ടോപ് ഗൺ (5 എണ്ണം)-200

( ആകർഷകമാക്കുന്ന ഘടകങ്ങളാണ് വിലയുടെ അടിസ്ഥാനം. ഓരോ കടയിലും വ്യത്യാസമുണ്ടാകാം)

വർണപ്പകിട്ടോടെ

പുതുമുഖങ്ങൾ

പടക്കവിപണിയിൽ കൂടുതൽ ഇനങ്ങൾ എത്തിയിട്ടുണ്ട്. ഇത്തവണ പലരും നേരത്തേ വാങ്ങി സൂക്ഷിക്കുന്നു. കഴിഞ്ഞതവണ വിഷു അടുത്തപ്പോൾ പലയിനങ്ങളുടെയും സ്റ്റോക്ക് തീർന്നിരുന്നു.

ഷിബിരാജ്, ബിനുരാജ്

മോനപ്പാസ് ഫയർവർക്‌സ്, വടക്കൻ പറവൂർ