ഫാ. തരിയൻ ഞാളിയത്തിന് നേരെ വധഭീഷണി

Thursday 10 April 2025 12:26 AM IST

കൊച്ചി: സിറോ മലബാർ സഭയുടെ അതിരൂപതാ ആസ്ഥാന ദേവാലയമായ എറണാകുളം സെന്റ്‌ മേരീസ് കത്തീഡ്രൽ ബസലിക്കയിലെ പുതിയ അഡ്മിനിസ്‌ട്രേറ്റർ ഫാ. തരിയൻ ഞാളിയത്തിന് വധഭീഷണി. എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അഞ്ചിനാണ് ബസലിക്കയുടെ ചുമതലകളിൽ നിന്ന് നീക്കം ചെയ്യപ്പെട്ട ഒരു പുരോഹിതനാണ് അഡ്മിനിസ്‌ട്രേറ്ററെ ഭീഷണിപ്പെടുത്തിയതെന്നാണ് എഫ്.ഐ.ആർ.

ഏകൃതകുർബാനയെ ചൊല്ലിയുള്ള തർത്തിന്റെ സംഘർഷഭൂമിയാണ് ബസലിക്ക. കഴിഞ്ഞവർഷം അവസാനമാണ് ബസലിക്കയുടെ പുതിയ അഡ്മിനിസ്‌ട്രേറ്ററായി 64 കാരനായ ഫാ. തരിയൻ ഞാളിയത്തിനെ അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ളാനി ചുമതലപ്പെടുത്തിയത്. പദവി ഏറ്റെടുക്കാൻ തരിയൻ ഞാളിയത്തിന് കഴിഞ്ഞിട്ടില്ല. നിയമനത്തിൽ എതിർപ്പ് തുടരുന്നതിനിടെയാണ് വധഭീഷണി വിളി ലഭിച്ചത്. രാവിലെ പത്തോടെയാണ് ഫോൺവിളി എത്തിയതെന്നാണ് ഞാളിയത്തിന്റെ പരാതിയിൽ പറയുന്നത്. സെൻട്രൽ സ്റ്റേഷനിൽ ഫാ. തരിയൻ ഞാളിയത്ത് നേരിട്ടെത്തി പരാതി നൽകി.

ഫാ. ഞാളിയത്ത് സംരക്ഷണം നൽകണം: ഹൈക്കോടതി

കത്തീഡ്രൽ ബസലിക്കയിലെ അഡ്മിനിസ്‌ട്രേറ്ററായ ഫാ. തരിയൻ ഞാളിയത്തിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ബസലിക്കയിലെ വികാരിയെന്ന നിലയിൽ പ്രവർത്തിക്കാൻ സംരക്ഷണംതേടിയാണ് ഫാ. ഞാളിയത്ത് ഹൈക്കോടതിയെ സമീപിച്ചത്.

ഒഴിയാതെ മുൻവികാരി

മേജർ ആർച്ച് ബിഷപ്പ് അന്ത്യശാസന നൽകിയിട്ടും കത്തീഡ്രലിലെ മുൻവികാരി ഫാ. വർഗീസ് മണവാളൻ അതിരൂപത വിട്ടുപോയിട്ടില്ല. ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്ന വിഭാഗത്തിന്റെ പിന്തുണയോടെ തുടരുകയാണ്. തിങ്കളാഴ്ച വൈകിട്ട് അഞ്ചിനകം കത്തീഡ്രൽ വിട്ടുപോകാനാണ് ഫാ. മണവാളന് നിർദ്ദേശം നൽകിയിരുന്നത്.