185 % അധികമഴ പെയ്തിട്ടും പാലക്കാട് ചൂടിന് ശമനമില്ല
പാലക്കാട്: കടുത്ത വേനലിൽ വെന്തുരുകിയ കേരളത്തിന് ആശ്വാസമായി വേനൽ മഴ. ഇന്ത്യൻ മെട്രോളജിക്കൽ വകുപ്പിന്റെ കണക്കുപ്രകാരം മാർച്ച് ഒന്നു മുതൽ ഇന്നലെവരെ സംസ്ഥാനത്ത് 99 ശതമാനം അധിക മഴ ലഭിച്ചിട്ടുണ്ട്. കാസർകോട് ഒഴികെ എല്ലാ ജില്ലകളിലും ഈ കാലയളവിൽ അധികമഴ ലഭിച്ചു. സാധാരണഗതിയിൽ മാർച്ച് ഒന്ന് മുതൽ ഇന്നലെവരെ സംസ്ഥാനത്ത് ലഭിക്കേണ്ട മഴയുടെ അളവ് 59.9 മില്ലി മീറ്ററായിരുന്നെങ്കിൽ 118.9 എം.എം മഴയാണ് രേഖപ്പെടുത്തിയത്. കണ്ണൂരാണ് ഏറ്റവും കുടുതൽ മഴ ലഭിച്ചത്. മാർച്ച് ഒന്നു മുതൽ ലഭിക്കേണ്ട ശരാശരി മഴ 23.3 എം.എം ആയിരുന്നു. എന്നാൽ, ഈ കാലയളിൽ 87.3എം.എം മഴയാണ് ലഭിച്ചത്. 275 % അധികമഴ ലഭിച്ചു. ഏറ്റവും കുറവ് മഴ കാസർകോടും. ഇവിടെ 31% മഴക്കുറവാണ് രേഖപ്പെടുത്തിയത്.
പാലക്കാട് ജില്ലയിൽ 185% അധിക മഴയാണ് ലഭിച്ചത്. ജില്ലയിൽ ശരാശരി 43.5 എം.എം പെയ്യേണ്ടിടത്ത് 124.1 എം.എം മഴയാണ് രേഖപ്പെടുത്തിയത്. അതേസമയം, അധിക മഴ ലഭിച്ചിട്ടും ജില്ലയിൽ ചൂടിന് കുറവൊന്നും ഇല്ല. രാത്രിയും പുഴുക്കം അനുഭവപ്പെടുന്നുണ്ടെന്ന് ജനങ്ങൾ പറയുന്നു. മഴ മേയ് പകുതി വരെ ഏറിയും കുറഞ്ഞും തുടരാമെന്നാണു കാലാവസ്ഥാ കേന്ദ്രങ്ങളുടെ വിലയിരുത്തൽ. മഴ കുറയുന്നതോടെ സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വർദ്ധിക്കാനുള്ള സാധ്യതയും കാലാവസ്ഥ ഗവേഷണ ഏജൻസികൾ തള്ളുന്നില്ല. 2018 ലും സമാന രീതിയിലാണു വേനൽമഴ ലഭിച്ചതെന്നും അവർ സൂചിപ്പിക്കുന്നു.
വേനൽ മഴക്കണക്ക് (ജില്ല, പെയ്തമഴ, ലഭിക്കേണ്ടത്, അധിക മഴയുടെ ശതമാനം എന്നീ ക്രമത്തിൽ)
ആലപ്പുഴ- 103.2 മി.മീ 79.2 മി.മീ 30% കണ്ണൂർ - 87.3 - 23.3 - 275% എറണാകുളം - 103.8 - 67.9 - 53% ഇടുക്കി - 114.1 - 86.9 - 31% കാസർകോട് - 15 - 21.8 - 31(കുറവ്) കൊല്ലം - 172.2 - 91.5 - 88% കോട്ടയം - 178 - 89 - 100% കോഴിക്കോട് - 119.1 - 34 - 250% മലപ്പുറം - 101.3 - 41.3 - 145% പാലക്കാട് - 124.1 - 43.5 - 185% പത്തനംതിട്ട - 207.1 - 114.6 - 81% തിരുവനന്തപുരം - 155.8 - 68.1 - 129% തൃശൂർ - 77 - 43.1 - 79% വയനാട് - 106.8 - 38.6 - 177%