ഒന്നാം തീയതിയും മദ്യം; ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ മദ്യം നൽകാൻ അനുമതി,​ നിബന്ധനകൾ ഇങ്ങനെ

Wednesday 09 April 2025 8:56 PM IST

തിരുവനന്തപുരം : ഡ്രൈഡേയിൽ കൂടുതൽ ഇളവ് വരുത്തിക്കൊണ്ടുള്ള മദ്യനയത്തിന്

മന്ത്രിസഭാ യോഗം അംഗീകാരം നൽകി. പുതിയ മദ്യനയ പ്രകാരം ടൂറിസ്റ്റ് ആവശ്യം മുൻനിറുത്തി ഒന്നാംതീയതിയിലും ത്രീസ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ ഇനി മുതൽ മദ്യം വിളമ്പാം. പഞ്ച നക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങളിലും മദ്യം വിളമ്പാൻ അനുമതിയുണ്ട്. വിവാഹം ,​ അന്തർ ദേശീയ കോൺഫറൻസ് എന്നിവ സംഘടിപ്പിക്കുന്ന ഹോട്ടലുകൾക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതിനായി ചടങ്ങുകൾ മുൻകൂട്ടി കാണിച്ച് എക്സൈസ് കമ്മിഷണറുടെ അനുമതി വാങ്ങണം.

പഞ്ച നക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങളിൽ മദ്യം വിളമ്പുന്നതിനായി യാനങ്ങൾക്ക് ബാർ ലൈസൻസ് നൽകും. അതേസമയം കള്ള് ഷാപ്പുകളുടെ ദൂരപരിധിയിൽ പുതിയ മദ്യനയത്തിലും മാറ്റമില്ല. 400 മീറ്റർ ദൂരപരിധി തുടരും. പ്രത്യേക അനുമതി ദിവസം ബാർ തുറക്കരുതെന്നും ചടങ്ങുകളിൽ മാത്രം മദ്യം വിളമ്പാം എന്നുമാണ് നിർദ്ദേശം.