കൈക്കൂലി: റേഞ്ച് ഓഫീസർക്ക് സസ്പെൻഷൻ

Thursday 10 April 2025 1:06 AM IST

തിരുവനന്തപുരം: ഇരുതലമൂരി കടത്തുകേസിലെ പ്രതികളെ രക്ഷിക്കാൻ 1.45 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ അറസ്റ്റിലായ പാലോട് റേഞ്ച് ഓഫീസർ എൽ.സുധീഷ് കുമാറിനെ സസ്പെൻഡ് ചെയ്തു. വനംമേധാവി ഗംഗാസിംഗിന്റേതാണ് നടപടി. സസ്പെൻഡ് ചെയ്യാൻ അഡ്മിനിസ്ട്രേഷന്റെ ചുമതലയുള്ള അഡിഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്രമോജ്.ജി.കൃഷ്ണൻ വനംമേധാവിക്ക് ശുപാർശ നൽകിയിരുന്നു. പരുത്തിപ്പള്ളി റേഞ്ച് ഓഫീസറായിരിക്കെ 2023 മാർച്ചിൽ സുജിത്ത്, രാജ്പാൽ എന്നിവരെ രക്ഷിക്കാൻ കൈക്കൂലി വാങ്ങിയതായി വനം വിജിലൻസ് കണ്ടെത്തിയിരുന്നു. തുടർന്ന് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ തിങ്കളാഴ്ച സുധീഷിനെ അറസ്റ്റ് ചെയ്തു. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ സസ്‌പെൻഷനിലായിരുന്ന സുധീഷ്, രണ്ട് മാസം മുമ്പാണ് കെ.എ.ടി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പാലോട് റേഞ്ച് ഓഫീസറായി ജോലിയിൽ തിരികെ പ്രവേശിച്ചത്. ഈ പശ്ചാത്തലത്തിലാണ് വീണ്ടും സസ്‌പെൻഡ് ചെയ്യുന്നത്.