ആരോഗ്യമന്ത്രി പേരിട്ടു, അച്ഛനമ്മമാർ ഉപേക്ഷിച്ച കുഞ്ഞ് ഇനി നമ്മുടെ 'നിധി'
കൊച്ചി: ജാർഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാർ സ്വകാര്യ ആശുപത്രി ഐ.സി.യുവിൽ ഉപേക്ഷിച്ച കുഞ്ഞ് ഇനി കേരളത്തിന്റെ 'നിധി". എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ഷഹീർഷായുടെ അഭ്യർത്ഥന പ്രകാരം ആരോഗ്യമന്ത്രി വീണാജോർജാണ് പേരിട്ടത്. ഒന്നരമാസത്തെ ചികിത്സയ്ക്ക് ശേഷം കുഞ്ഞിനെ ഇന്ന് ശിശുക്ഷേമ സമിതി ഏറ്റെടുക്കും. അവശനിലയിലായിരുന്ന കുഞ്ഞ് ജനറൽ ആശുപത്രിയിലെ പരിചരണത്തിൽ ആരോഗ്യവതിയായി. ആശുപത്രിയിൽ എത്തിക്കുമ്പോൾ 950 ഗ്രാമായിരുന്നു തൂക്കം. 37 ആഴ്ച പ്രായമുള്ള കുഞ്ഞിപ്പോൾ രണ്ടര കിലോയുണ്ട്. ജീവൻ നിലനിറുത്താൻ ഓരാഴ്ച ഓക്‌സിജൻ നൽകേണ്ടിവന്നു. രണ്ട് പ്രാവശ്യം രക്തം നൽകി. ആശുപത്രിയിലെ മിൽക്ക് ബാങ്കാണ് മുലപ്പാൽ നൽകുന്നത്.
കോട്ടയത്തെ ഫിഷ് ഫാമിൽ ജോലി ചെയ്യുകയായിരുന്നു ജാർഖണ്ഡ് സ്വദേശികൾ. നാട്ടിലേക്ക് പോകുമ്പോൾ ട്രെയിനിൽ വച്ച് പ്രസവവേദന അനുഭവപ്പെട്ടു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകി. എന്നാൽ ആരോഗ്യപ്രശ്‌നത്താൽ കുഞ്ഞിനെ ഐ.സി.യുവിലേക്കു മാറ്റി. പിന്നീട് ദമ്പതികൾ അപ്രത്യക്ഷരായി. ഉപേക്ഷിച്ചുപോകുമ്പോൾ കുഞ്ഞിന് മൂന്നാഴ്ചയാണ് പ്രായം.
മന്ത്രി വീണാജോർജിന്റെ നിർദ്ദേശത്തെ തുടർന്ന് കുഞ്ഞിനെ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ച് വിദഗ്ദ്ധ ചികിത്സ നൽകി. ഡോ. ഷഹീർഷായുടെ ഏകോപനത്തിൽ പീഡിയാട്രിക് വിഭാഗം മേധാവി ഡോ. വിനീത, സ്‌പെഷ്യൽ ഓഫീസർ ഡോ. വിജി തുടങ്ങിയവരാണ് ചികിത്സിച്ചത്. ന്യൂബോൺ കെയറിലെ നഴ്‌സുമാർ പരിചരിച്ചു. ആശുപത്രിയിലെ മുഴുവൻ അംഗങ്ങളെയും സർക്കാർ അഭിനന്ദിച്ചു.