ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് തസ്ളിമയുടെ ഭർത്താവ് സുൽത്താൻ അറസ്റ്റിൽ

Thursday 10 April 2025 12:14 AM IST

ആലപ്പുഴ: ദിവസങ്ങൾക്കു മുമ്പ് എക്സൈസ് പിടികൂടിയ രണ്ടു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ്,​ തസ്ളിമയ്ക്കെത്തിച്ച ഭർത്താവ് അറസ്റ്റിലായി. ചെന്നൈ,എണ്ണൂർ സത്യവാണി മുത്ത് നഗർ സ്വദേശി സുൽത്താൻ അക്ബർഅലി (43)യാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ തമിഴ്നാട് -ആന്ധ്ര അതിർത്തിയിൽവച്ചാണ് പിടിയിലായത്. സിംഗപ്പൂരിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ആലപ്പുഴ എക്സൈസ് അസി.കമ്മിഷണർ അശോക് കുമാറും സംഘവും പിടികൂടിയ സുൽത്താനെ ഇന്ന് ആലപ്പുഴയിലെത്തിക്കും.

എക്സൈസ് കസ്റ്റഡിയിലായ തസ്ളിമയുടെ ഫോണിലെ വാട്ട്സ് ആപ് ചാറ്റുകൾ ഉൾപ്പെടെ സൈബർ പൊലീസ് പരിശോധിച്ചിരുന്നു. മൂന്നു ദിവസം മുമ്പ് ചെന്നൈയിൽ നിന്ന് സുൽത്താൻ അയച്ച പാഴ്സലിന്റെ ഫോട്ടോകൾ ലഭിച്ചതാണ് ഇയാളിലേക്ക് അന്വേഷണം നീളാൻ ഇടയാക്കിയത്. കേസിൽ കസ്റ്റഡിയിലെടുത്ത കാർ റെന്റിനെടുത്തത് തസ്ളിമയുടെ സഹോദരിയുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചായതിനാൽ കഴിഞ്ഞദിവസം ഇവരെ എക്സൈസ് മൊഴിയെടുക്കാൻ വിളിപ്പിച്ചിരുന്നു. ഇവരുടെ ഫോണിൽ നിന്ന് തസ്ളിമയുടെ മക്കളുടെ ഫോൺ നമ്പർ മനസിലാക്കിയ അന്വേഷണ സംഘം അതിന്റെ ലൊക്കേഷൻ തിരിച്ചറിഞ്ഞാണ് സുൽത്താനെ കുടുക്കിയത്. സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇയാൾ തുടർച്ചയായി യാത്ര ചെയ്തിരുന്നു. പാസ്പോർട്ട് അടുത്തിടെ എടുത്തതാണ്. പഴയ പാസ്പോർട്ട് മലേഷ്യയിൽ നഷ്ടപ്പെട്ടതായാണ് ഇയാൾ പറയുന്നത്. മലേഷ്യയിൽ നിന്നും സിംഗപ്പൂരിൽ നിന്നുമാണ് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചിരുന്നത്. സ്പെഷ്യൽ സ്ക്വാഡ് സി.ഐ മഹേഷ്. ഓംകാർ നാഥ്, റെനി എം, രവികുമാർ ആർ, സജീവൻ എന്നിവരാണ് എക്സ് സൈസ്‌ സംഘത്തിലുണ്ടായിരുന്നത്.