പലിശ കുറച്ചു; വായ്പയിൽ ആശ്വാസം, റിപ്പോ നിരക്ക് കുറച്ചത് കാൽ ശതമാനം, വിപണി ഉണർത്തൽ മുഖ്യ ലക്ഷ്യം

Thursday 10 April 2025 4:39 AM IST

കൊച്ചി: ഭവന,​ വാഹന വായ്പയെടുത്തവർക്ക് ആശ്വാസം. റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് കാൽ ശതമാനം കുറച്ചു. തുടർച്ചയായി രണ്ടാം തവണയാണ് കുറയ്ക്കുന്നത്. ഇതോടെ റിപ്പോ നിരക്ക് ആറ് ശതമാനത്തിലെത്തി. ഫെബ്രുവരിയിലും പലിശ കാൽ ശതമാനം കുറച്ചിരുന്നു.

ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധം നേരിടാൻ സാമ്പത്തിക മേഖലയ്ക്ക് ശക്തി പകരാനാണ് റിസർവ് ബാങ്കിന്റെ തീരുമാനം. യു.എസിന്റെ 26 ശതമാനം തീരുവ ഭീഷണിയായിരിക്കെ,​ വളർച്ചയ്ക്ക് അനുകൂല നിലപാട് സ്വീകരിച്ചിരിക്കുകയാണ്. ഇന്നലെ ധന നയരൂപീകരണ സമിതി യോഗത്തിനു ശേഷം ഗവർണർ സഞ്ജയ് മൽഹോത്രയാണ് പലിശ കുറച്ച വിവരം അറിയിച്ചത്.

ബാങ്കുകൾ അധിക തുക റിസർവ് ബാങ്കിൽ നിക്ഷേപിക്കുമ്പോൾ ലഭിക്കുന്ന പലിശയായ സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്കും ബാങ്കുകൾക്ക് അതിവേഗം പണം ലഭ്യമാക്കുന്ന സംവിധാനമായ മാർജിനൽ സ്‌റ്റാൻഡിംഗ് ഫെസിലിറ്റിയുടെ നിരക്കും കാൽ ശതമാനം താഴ്‌ത്തി. ബാങ്കുകളുടെ കൈവശം ഇതോടെ കൂടുതൽ പണമെത്തും.

നയ നിലപാട് 'ന്യൂട്രൽ' എന്നതു മാറ്റി 'അക്കോമഡേറ്റീവ്' ആക്കി. ജി.ഡി.പി വളർച്ചാ ലക്ഷ്യം 6.7ൽ നിന്ന് 6.5 ശതമാനമായി കുറച്ചു. നാണയപ്പെരുപ്പം നാല് ശതമാനമായി താഴുമെന്നാണ് വിലയിരുത്തൽ. വ്യാപാര യുദ്ധം ഇന്ത്യൻ രൂപയ്ക്ക് തിരിച്ചടിയാകും.

നിക്ഷേപങ്ങൾക്കും

പലിശ കുറയും

റിസർവ് ബാങ്ക് തീരുമാനം വിവിധ കാലാവധിയിലെ ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ കാൽ ശതമാനം വരെ കുറയാൻ ഇടയാക്കും. വിപണിയിൽ പണ ലഭ്യത കൂടുന്നതിനാൽ നിക്ഷേപങ്ങളുടെ പലിശ അടുത്ത ദിവസം മുതൽ ബാങ്കുകൾ കുറച്ചേക്കും.

ഭവന വായ്പ

20 വർഷ കാലാവധിയിലുള്ള 50 ലക്ഷം രൂപ ഭവന വായ്പയുടെ പലിശ 8.75 ശതമാനത്തിൽ നിന്ന് 8.5 ശതമാനത്തിലേക്ക് കുറയുമ്പോഴുള്ള മാറ്റം

 ഇ.എം.ഐ@8.75% : 44,085 രൂപ

 ഇ.എം.ഐ@8.5%: 43,591 രൂപ

 പ്രതിമാസ ലാഭം: 694 രൂപ

 20 വർഷത്തെ ലാഭം: 1.9 ലക്ഷം രൂപ

വാഹന വായ്പ

 തുക: പത്ത് ലക്ഷം രൂപ

 നിലവിലെ ഇ.എം.ഐ: 20,855രൂപ

 ഇനി: 20,734 രൂപ

 പ്രതിവർഷം ലാഭം: 1,452 രൂപ