പ്രശാന്തിന്റെ പ്രശ്നം തീർക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
തിരുവനന്തപുരം: സസ്‌പെൻഷനിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്തിന്റെ പരാതികൾ നേരിട്ടുകേട്ട് പരിഹരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.ഇതനുസരിച്ച് അടുത്തയാഴ്ച ഹാജരാകാൻ ചീഫ് സെക്രട്ടറി പ്രശാന്തിന് നോട്ടീസ് അയച്ചു. ചീഫ് സെക്രട്ടറി നേരിട്ട് ഹിയറിംഗ് നടത്തിയാകും പരാതികൾ തീർപ്പാക്കുക.
തന്നെ കേൾക്കാതെ സസ്‌പെൻഷൻ നടപടിയെടുത്തു എന്നുള്ളതായിരുന്നു എൻ.പ്രശാന്തിന്റെ പ്രധാന ആക്ഷേപം. അഡിഷണൽ ചീഫ് സെക്രട്ടറി എ.ജയതിലകിനെതിരെ തന്റെപേരിൽ വന്ന സമൂഹമാദ്ധ്യമപോസ്റ്റ് വ്യാജമാണെന്നു ചൂണ്ടിക്കാണിച്ച് വക്കീൽ നോട്ടിസും അയച്ചിരുന്നു. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ കൂടിയ കമ്മിറ്റി പ്രശാന്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് തയ്യാറാക്കിയ ഫയൽ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ഈ മാസം ശാരദ മുരളീധരൻ വിരമിക്കുമ്പോൾ എ.ജയതിലക് ചീഫ് സെക്രട്ടറിയാകാനുള്ള സാദ്ധ്യതയുമുണ്ട്. അതുകൂടി കണക്കിലെടുത്താണ് തീരുമാനമെന്നാണ് സൂചന. കഴിഞ്ഞ നവംബർ 11 നാണ് പ്രശാന്തിനെ സസ്‌പെൻഡ് ചെയ്തത്.