അമിത ജോലി ഭാരത്തിൽ വലഞ്ഞ് ലോക്കോ പെെലറ്റുമാർ, ഒഴിവുകൾ യഥാസമയം നികത്തുന്നില്ല
കോഴിക്കോട്: നിയമാനുസൃതമായി ലഭിക്കേണ്ട അവധിപോലും കിട്ടുന്നില്ല. രോഗാവസ്ഥയിൽ പോലും ജോലിക്കെത്തേണ്ട സാഹചര്യം. ഡ്യൂട്ടിസമയം പലപ്പോഴും 15 മണിക്കൂറിലേറെ നീളും. അമിത ജോലിഭാരത്തിൽ വീർപ്പുമുട്ടി ലോക്കോ പെെലറ്റുമാർ. ഒഴിവുകൾ യഥാസമയം നികത്താത്തതാണ് കാരണം.
നിശ്ചിത 8 മണിക്കൂർ സമയം ക്രമീകരിച്ചല്ല ഇവർ ജോലി ചെയ്യുന്നത്. ട്രെയിൻ സമയത്തിൽ വരുന്ന മാറ്റം ഡ്യൂട്ടിയെയും ബാധിക്കും. ഗുഡ്സ് ട്രെയിൻ ലോക്കോ പെെലറ്റുമാർക്ക് പലപ്പോഴും 12-20 മണിക്കൂർ ജോലി ചെയ്യേണ്ടിവരുന്നു. രാജ്യത്ത് നിലവിൽ 25,000ത്തിലധികം ഒഴിവുകളുണ്ട്. സംസ്ഥാനത്ത് പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലായി 195 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. ഈ ഡിവിഷനുകളിലായി 1317 ലോക്കോ പൈലറ്റുമാരാണുള്ളത്. ഓരോ വർഷവും ഒഴിവുകൾ റിപ്പോർട്ട് ചെയ്ത് പരീക്ഷയ്ക്കുള്ള വിജ്ഞാപനം പുറപ്പെടുവിക്കാറുണ്ടെങ്കിലും നിശ്ചിത സമയത്ത് നടക്കാറില്ല.
കഴിഞ്ഞവർഷം ജനുവരിയിൽ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് 5,696 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂണിൽ ഇത് പുതുക്കി 18,799 ഒഴിവുകളാക്കി. എന്നാൽ, നിയമനം ഇതുവരെ നടന്നിട്ടില്ല. 4.5 ലക്ഷത്തോളം പേരാണ് ആദ്യഘട്ടം പരീക്ഷയെഴുതിയത്. രണ്ടാംഘട്ട പരീക്ഷ മാർച്ചിൽ നിശ്ചയിച്ചിരുന്നെങ്കിലും മാറ്റിവച്ചു. 2025ലെ അസി. ലോക്കോ പെെലറ്റ് റിക്രൂട്ട്മെന്റ് ആരംഭിക്കാനിരിക്കെ പുതുതായി 9,970 ഒഴിവുകളുണ്ട്.
ശുപാർശകൾ നടപ്പായില്ല
ട്രെയിൻ യാത്രയുടെ സുരക്ഷിതത്വംകൂടി കണക്കിലെടുത്ത് ലോക്കോ പെെലറ്റുമാരുടെ ഡ്യൂട്ടിസമയം പരമാവധി 11 മണിക്കൂറായി നിജപ്പെടുത്താൻ 2016ലെ ഹെെപവർ കമ്മിറ്റി ഓൺ ഡ്യൂട്ടി അവർ ആൻഡ് റെസ്റ്റ് പിരീഡ് (എച്ച്.പി.സി) ശുപാർശ ചെയ്യിരുന്നു. തുടർച്ചയായ നെെറ്റ് ഡ്യൂട്ടികളുടെ എണ്ണം രണ്ടായി കുറയ്ക്കണമെന്നും നിർദ്ദേശിച്ചിരുന്നു. രണ്ടും നടപ്പായില്ല. അമിത ജോലിയെടുക്കാൻ വിസമ്മതിച്ച തിരുവനന്തപുരം ഡിവിഷനിലെ ലോക്കോ പെെലറ്റ് (ഗുഡ്സ്) ദീപുരാജിന് നിർബന്ധിത വിരമിക്കൽ ഉത്തരവ് നൽകിയതിൽ പ്രതിഷേധം ഉയർന്നിരുന്നു.
''അമിത ജോലി ഭാരത്താൽ വീർപ്പുമുട്ടുകയാണ് ലോക്കോ പെെലറ്റുമാർ. എത്രയും പെട്ടെന്ന് കൂടുതൽ പേർക്ക് നിയമനം നൽകണം
-കെ.സി.ജയിംസ്, സെക്രട്ടറി,
ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോ.