പ്ലസ് ടു സയൻസ് പൂർത്തിയാക്കിയാൽ പൈലറ്റ് കോഴ്‌സിന് അപേക്ഷിക്കാം

Thursday 10 April 2025 1:15 AM IST

പാർട്ട്-1

പൈലറ്റ് കോഴ്‌സ് പഠിക്കുന്നതിനു പ്ലസ് ടു അല്ലെങ്കിൽ തത്തുല്യമായ വിദ്യാഭ്യാസം (ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങൾക്ക് മുൻഗണന) ആവശ്യമാണ്. നിശ്ചിത ശാരീരിക ക്ഷമതയും കാഴ്ചശക്തിയും വേണം. പ്രായപരിധി വിവിധ കോഴ്‌സുകൾക്ക് വ്യത്യാസപ്പെട്ടിരിക്കുന്നു. Student Pilot License (SPL): 16 years. Private Pilot License (PPL): 17 years. Commercial Pilot License (CPL): 17-21 years.

പൈലറ്റ് കോഴ്‌സിന് പ്രവേശനം ലഭിക്കാൻ പ്ലസ് ടു ഫിസിക്‌സ്, മാത്തമാറ്റിക്‌സ്,കെമിസ്ട്രി എന്നിവയിൽ 50 ശതമാനം മാർക്ക് വേണം.ചില ഫ്ളൈയിംഗ് സ്‌കൂളുകൾ ഇംഗ്ലീഷിൽ 60 ശതമാനം മാർക്ക് നിഷ്‌കർഷിക്കാറുണ്ട്. പ്രധാനമായും മൂന്നു പ്രവേശന പരീക്ഷകളുണ്ട്.രാജ്യത്ത് നിലവിലുള്ള പരീക്ഷകൾ AFCAT, IGRUA, PILOTCET എന്നിവയാണ്.പരീക്ഷയിൽ ന്യുമറിക്കൽ എബിലിറ്റി,ഇംഗ്ലീഷ്,റീസണിംഗ്,അഭിരുചി ടെസ്റ്റുകളുണ്ടാകും.

ഇന്ത്യയിലെ അംഗീകൃത ഫ്‌ളൈയിംഗ് സ്‌കൂളുകളുടെ ലിസ്റ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (DGCA) വെബ്‌സൈറ്റിൽ നിന്ന് ലഭിക്കും.കോഴ്‌സുകളുടെ ദൈർഘ്യം,ഫീസ് ഘടന,പരിശീലന രീതി,എയർക്രാഫ്റ്റ് ലഭ്യത തുടങ്ങിയ വിവരങ്ങൾ അറിയാൻ ശ്രമിക്കണം.പൂർവ്വ വിദ്യാർത്ഥികളുടെ അഭിപ്രായങ്ങളും സ്ഥാപനത്തിന്റെ വിജയശതമാനവും അറിയേണ്ടതുണ്ട്.

ഇന്ത്യയിലെ പൈലറ്റ് കോഴ്‌സുകൾ

ഇന്ത്യയിൽ പ്രധാനമായി രണ്ടുതരം പൈലറ്റ് ലൈസൻസുകളാണ് നൽകുന്നത്.

സ്റ്റുഡന്റ് പൈലറ്റ് ലൈസൻസ് (SPL): ഇത് പരിശീലനത്തിനുള്ള ലൈസൻസാണ്. ഇതിന് പ്രത്യേക പരീക്ഷകളൊന്നും ആവശ്യമില്ല. അംഗീകൃത ഫ്‌ളൈയിംഗ് സ്‌കൂളിൽ നിന്ന് ഇൻസ്ട്രക്ടറുടെ സഹായത്തോടെ സ്റ്റുഡന്റ് പൈലറ്റ് ലൈസൻസ് നേടാം.

കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് (CPL): ഒരു എയർലൈനിലോ മറ്റ് കൊമേഴ്സ്യൽ ആവശ്യങ്ങൾക്കോ വേണ്ടി വിമാനം പറത്തുന്നതിനുള്ള ലൈസൻസാണിത്. ഇതിനായി DGCA നടത്തുന്ന എഴുത്തുപരീക്ഷ,പ്രാക്ടിക്കൽ ടെസ്റ്റ് എന്നിവ വിജയിക്കണം.

വിദേശ പൈലറ്റ് കോഴ്‌സുകൾ

വിദേശത്തും സമാനമായ ലൈസൻസിംഗ് സംവിധാനങ്ങളുണ്ട്.ഓരോ രാജ്യത്തെയും സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇതിന് മേൽനോട്ടം വഹിക്കുന്നത്.യൂറോപ്യൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (EASA), ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (FAA) എന്നിവ ലോകത്തിലെ പ്രധാനപ്പെട്ട ഏവിയേഷൻ അതോറിറ്റികളാണ്.

അപേക്ഷിക്കേണ്ടതെങ്ങനെ

കോഴ്സിന് അപേക്ഷിക്കുമ്പോൾ ആവശ്യമായ രേഖകൾ (സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖകൾ, ഫോട്ടോകൾ) സമർപ്പിക്കണം.മെഡിക്കൽ പരിശോധന: DGCA അംഗീകരിച്ച ഡോക്ടർമാരിൽ നിന്നോ അല്ലെങ്കിൽ നിങ്ങൾ അപേക്ഷിക്കുന്ന വിദേശ സ്ഥാപനത്തിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള മെഡിക്കൽ പരിശോധന പൂർത്തിയാക്കുക. ശാരീരിക ക്ഷമതയും കാഴ്ചശക്തിയും നിർബന്ധമാണ്.

പ്രവേശന പരീക്ഷ (ബാധകമാണെങ്കിൽ): ചില സ്ഥാപനങ്ങളിൽ പ്രവേശന പരീക്ഷ ഉണ്ടാകാൻ സാധ്യതയുണ്ട്. കോഴ്‌സിന്റെ ഫീസ് ഘടന അനുസരിച്ച് പണം അടയ്ക്കുക. പല സ്ഥാപനങ്ങളിലും തവണകളായി പണമടയ്ക്കാനുള്ള സൗകര്യമുണ്ടാകാം.ഗ്രൗണ്ട് ക്ലാസുകൾ: തിയറി വിഷയങ്ങളിലും (എയർ നാവിഗേഷൻ,എയർ റെഗുലേഷൻസ്, എയർക്രാഫ്റ്റ് ജനറൽ നോളജ്,മെറ്റിയറോളജി തുടങ്ങിയവ)പരിശീലനം നേടാം.ഇതിലൂടെ പൈലറ്റ് പരിശീലനത്തിന്റെ ആദ്യ ഘട്ടത്തിലേക്ക് കടക്കാം.

(ഇന്ത്യയിലെ മികച്ച ഫ്ളൈയിംഗ് സ്കൂളുകൾ ഏതൊക്കെ എന്ന് നാളത്തെ കോളത്തിൽ)