നാലുവർഷ ബിരുദം മൂന്നാം സെമസ്റ്ററിലേക്ക്
തിരുവനന്തപുരം:നാലുവർഷ ബിരുദ കോഴ്സുകൾ മൂന്നാം സെമസ്റ്ററിലേക്ക് കടക്കുന്നതിനു മുന്നോടിയായി യോഗങ്ങൾ വിളിച്ചുചേർക്കുമെന്ന് മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു.സർവകലാശാലകളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന ആസൂത്രണയോഗം 22ന് രാവിലെ പത്തിന് കേരള സർവകലാശാല സെനറ്റ് ചേംബറിൽ ചേരും.വിദ്യാർത്ഥികൾക്ക് കോളേജുകളും സർവകലാശാലകളും മാറാനും മേജർ വിഷയത്തിൽ മാറ്റം വരുത്താനും അവസരമൊരുക്കും.വിദ്യാർത്ഥികൾക്ക് കുറഞ്ഞ കാലയളവിൽ ബിരുദപഠനം പൂർത്തിയാക്കാൻ അവസരം നൽകുന്ന എൻ-മൈനസ്-വൺ സംവിധാനത്തിന്റെയും മുന്നൊരുക്കമാണ് നടത്തുക.അടുത്ത വർഷത്തെ അക്കാഡമിക് കലണ്ടർ തയ്യാറാക്കുന്നതും യോഗത്തിൽ ചർച്ചയാവും. ലഹരിവിരുദ്ധ ക്യാമ്പെയിൻ,വിജ്ഞാനകേരളം പദ്ധതി എന്നിവയും ചർച്ച ചെയ്യും.വൈസ് ചാൻസലർമാർ,രജിസ്ട്രാർമാർ, സിൻഡിക്കേറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.29ന് സർക്കാർ,എയ്‌ഡഡ്,സ്വാശ്രയ കോളേജ് പ്രിൻസിപ്പൽമാരുടെ യോഗവും തിരുവനന്തപുരത്ത് ചേരും.അദ്ധ്യാപക-വിദ്യാർത്ഥി സംഘടനകളുടെ യോഗവും പിന്നാലെ ചേരും.