അതിരുവിട്ട് ചുങ്കപ്പോര്
അമേരിക്കയും ചൈനയും മത്സരിച്ച് തീരുവ കൂട്ടുന്നു
കൊച്ചി: ലോക സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങൾ ശക്തമാക്കി അമേരിക്കയും ചൈനയും മത്സരിച്ച് ഇറക്കുമതി തീരുവ വർദ്ധിപ്പിക്കുന്നു. അമേരിക്കൻ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇന്നലെ 34 ശതമാനത്തിൽ നിന്നും 84 ശതമാനമായാണ് ചൈന ഉയർത്തിയത്. ചൈനയ്ക്കെതിരെ ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 104 ശതമാനം തീരുവ ഇന്നലെ പ്രാബല്യത്തിൽ വന്നതിന് മറുപടിയായാണ് തിരിച്ചടി ചുങ്കം ഏർപ്പെടുത്തിയത്. 24 മണിക്കൂറിനുള്ളിൽ അമേരിക്കൻ ഉത്പന്നങ്ങളുടെ 34 ശതമാനം തിരിച്ചടി ചുങ്കം പിൻവലിച്ചില്ലെങ്കിൽ ചൈനയ്ക്കെതിരെ കടുത്ത നടപടികളുണ്ടാകുമെന്ന് ട്രംപ് അന്ത്യശാസനം നൽകിയിരുന്നു. ഇതോടൊപ്പം അമേരിക്കയിലെ 12 കമ്പനികളെ കയറ്റുമതി നിയന്ത്രണ പട്ടികയിൽ ചൈന ഉൾപ്പെടുത്തി. ഇതോടെ ലോകമെമ്പാടുമുള്ള ഓഹരികൾ കനത്ത ഇടിവ് നേരിട്ടു. സ്വർണ വില കുതിച്ചുയർന്നു. ക്രൂഡോയിലിന്റെ വിലയും മൂക്കുകുത്തി.
ചൈനയുടെ നടപടി നിർഭാഗ്യകരം
ചൈനയുടെ പുതിയ നീക്കം നിർഭാഗ്യകരമാണെന്നും ബീജിംഗിനിത് നഷ്‌ടക്കച്ചവടമാകുമെന്നും അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബസന്റ് പറഞ്ഞു. ചൈനീസ് കമ്പനികളെ അമേരിക്കൻ ഓഹരി എക്സ്ചേഞ്ചുകളിൽ നിന്ന് പുറത്താക്കുന്നതുൾപ്പെടെയുള്ള നടപടികളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ ഉത്പന്നങ്ങളുടെ 26 ശതമാനം പകരച്ചുങ്കം പ്രാബല്യത്തിൽ
ഇന്ത്യൻ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 26 ശതമാനം പകരച്ചുങ്കം ഇന്നലെ പ്രാബല്യത്തിലായി. ഏപ്രിൽ മൂന്നിന് പ്രഖ്യാപനമുണ്ടായെങ്കിലും ഇന്ത്യയും അമേരിക്കയുമായുള്ള ചർച്ചകളിൽ ഇളവുകൾ ലഭിക്കുമെന്നാണ് കയറ്റുമതിക്കാർ പ്രതീക്ഷിച്ചിരുന്നത്. ജെം ആൻഡ് ജുലവറി, സമുദ്രോത്പന്നങ്ങൾ, കാർഷിക ഉത്പന്നങ്ങൾ തുടങ്ങിയവയുടെ കയറ്റുമതി മേഖലകളെ തീരുമാനം പ്രതികൂലമായി ബാധിക്കും.
മൂക്കുകുത്തി ക്രൂഡ് വില
ആഗോള അനിശ്ചിതത്വങ്ങൾ ശക്തമായതോടെ രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 59 ഡോളറിലേക്ക് മൂക്കുകുത്തി.
സ്വർണ വിലയിൽ കുതിപ്പ്
സുരക്ഷിത നിക്ഷേപമെന്ന നിലയിൽ പ്രിയമേറിയതോടെ സ്വർണ വില ഔൺസിന് 3,074 ഡോളറിലേക്ക് ഉയർന്നു. ഇതോടെ ഇന്ന് കേരളത്തിലും സ്വർണ വില കുതിക്കും. ഇന്നലെ പവൻ വില 520 രൂപ ഉയർന്ന് 66,320 രൂപയിലെത്തിയിരുന്നു.
ഇന്ത്യൻ ഓഹരികളിലും ഇടിവ്
വ്യാപാര യുദ്ധ ഭീഷണിയിൽ പ്രധാന സൂചികയായ സെൻസെക്സ് 379.93 പോയിന്റ് ഇടിഞ്ഞ് 73,843.15ൽ എത്തി. നിഫ്റ്റി 136.5 പോയിന്റ് കുറഞ്ഞ് 22399.15ൽ എത്തി. വരും ദിവസങ്ങളിലും വിപണി കനത്ത വിൽപ്പന സമ്മർദ്ദം നേരിട്ടേക്കും.