മട്ടന്നൂരിൽ ടാൽറോപിന്റെ വില്ലേജ് പാർക്ക്
മട്ടന്നുർ: സംസ്ഥാനത്തെ ഗ്രാമങ്ങളെ ടെക്നോളജി, സംരംഭകത്വ കേന്ദ്രങ്ങളാക്കാനുള്ള ടാൽറോപിന്റെ വില്ലേജ് പാർക്ക് കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ പ്രവർത്തനമാരംഭിച്ചു. മിനി ഐ.ടി പാർക്കിന് സമാനമായ വില്ലേജ് പാർക്കിന്റെ ഉദ്ഘാടനം മട്ടന്നൂർ എം.എൽ.എ കെ.കെ ഷൈലജ നിർവഹിച്ചു. കേരളത്തിൽ നിന്നും ആഗോള സംരംഭങ്ങൾ വളർത്തിയെടുക്കാനായി അമേരിക്കയിലെ സിലിക്കൺ വാലിയുടെ മാതൃകയിലുള്ള ഇക്കോസിസ്റ്റമാണ് ടാൽറോപ് വികസിപ്പിക്കുന്നത്. സംസ്ഥാനത്തെ 1064 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലാണ് വില്ലേജ് പാർക്കുകൾ വികസിപ്പിക്കുന്നത്. ചെറുതും വലുതുമായ പ്രാദേശിക സംരംഭകർക്കും പുതിയ സ്ഥാപനങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും വില്ലേജ് പാർക്കിന്റെ സാദ്ധ്യതകൾ ഉപയോഗിക്കാം.
ഓരോ വാർഡുകളിൽ നിന്നും ടെക്നോളജിയിൽ മിടുക്കരായ ഒരു കുട്ടിയെ കണ്ടെത്തി ക്രിയേറ്റർമാരാക്കുന്ന "വൺ ക്രിയേറ്റർ ഫ്രം വൺ വാർഡ്", വനിതാശാക്തീകരണം ലക്ഷ്യമിടുന്ന "പിങ്ക് കോഡേഴ്സ്" തുടങ്ങിയ പദ്ധതികളുടെ വിപണനോദ്‌ഘാടനവും നടന്നു. വില്ലേജ് പാർക്ക് ഇൻഫ്രാസ്ട്രക്ചർ പാർട്ണറായ പി. മുഹമ്മദ് ഹാരിസിനെ ചടങ്ങിൽ ആദരിച്ചു.
ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡ്‌സ് ജേതാവും ടാൽറോപിന്റെ ഡിജിറ്റൽ യൂണിവേഴ്സിറ്റി പ്ലാറ്റ്ഫോമായ സ്റ്റെയ്‌പിലെ മാസ്റ്റർ ട്യൂട്ടറുമായ ഹാനി നവാസ്, വിദ്യാർത്ഥിയായ അഹമ്മദ് സിഷാൻ എം വി എന്നിവർക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകി.
മട്ടന്നൂർ വില്ലേജ് പാർക്കിന്റെ ഇൻഫ്രാസ്ട്രക്ചർ പാർട്ണർ മുഹാസ് മുസ്തഫ, ടാൽറോപ് ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടർ ആൻമേരി ജിജു, ടാൽറോപ് ഇൻഫ്രാസ്ട്രക്ചർ വൈസ് പ്രസിഡന്റ് ഫൈസൽ ടി. പി, ടാൽറോപ് ബിസിനസ് ഡെവലപ്പ്‌മെന്റ് കോ-ഓർഡിനേറ്റർ അനു കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.