രാമനാട്ടുകരയിൽ ഒഴിഞ്ഞ പറമ്പിൽ നിന്ന് 16 കഞ്ചാവ് ചെടികൾ കണ്ടെത്തി 

Thursday 10 April 2025 12:08 AM IST
രാമനാട്ടുകരയിൽ കണ്ടെത്തിയ കഞ്ചാവ് ചെടികൾ ഫറോക്ക് അസി.കമ്മിഷണർ എ.എം സിദ്ദിഖിന്റെ നേതൃത്വത്തിൽ പൊലീസ് പരിശോധിക്കുന്നു

രാമനാട്ടുകര: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരായ പൊലീസിന്റെ നടപടിയുടെ ഭാഗമായി ഡ്രോൺ നിരീക്ഷണം നടത്തവേ രാമനാട്ടുകര ഒൻപതാം മൈൽസിൽ റോഡരികിലെ ഒഴിഞ്ഞ പറമ്പിൽ നിന്നും 16 കഞ്ചാവ് ചെടികൾ കണ്ടെത്തി. ലഹരി സംഘങ്ങളെയും മറ്റു കുറ്റകൃത്യങ്ങളും നിരീക്ഷിക്കാൻ ഡി.ജി.പി, എഡി.ജി.പി എന്നിവരുടെ നിർദേശത്തിൽ ജില്ലാ പൊലീസ് മേധാവിയുടെയും,സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നടക്കുന്ന ഡ്രോൺ പരിശോധനയിലാണ് ഇന്നലെ ഉച്ചയ്ക്ക് കണ്ടായി പെട്രോൾ പമ്പിന് സമീപം ഒഴിഞ്ഞ പറമ്പിൽ നിന്നും ഏകദേശം ഒരു മീറ്ററോളം ഉയരത്തിലുള്ള കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ഫറോക്ക് അസി.കമ്മിഷണർ എ.എം സിദ്ദിഖിന്റെ നേതൃത്വത്തിൽ ഫറോക്ക് ക്രൈം സ്ക്വാഡും, ഫറോക്ക് പൊലീസ് ഇൻസ്പെക്ടർ ടി.എസ് ശ്രീജിത്,ഫറോക്ക് എസ് ഐ.വിനയൻ,സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ.സുജിത് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ചെടികൾ പൊലീസ് കസ്റ്റഡിയിലെടുത്തു .