പോക്സോ കേസിന് പൊലീസിൽ പുതിയ വിഭാഗം; 304 തസ്തിക

Thursday 10 April 2025 12:16 AM IST

തിരുവനന്തപുരം:സുപ്രീംകോടതി നിർദ്ദേശപ്രകാരം പോക്‌സോ കേസുകൾ അന്വേഷിക്കുന്നതിന് പൊലീസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഡിവൈ. എസ്. പി 4, എസ്. ഐ 40, എ. എസ്.ഐ 40, എസ്.സി.പി.ഒ 120, സി.പി.ഒ 100 എന്നിങ്ങനെ 304 തസ്തികകൾ സൃഷ്ടിക്കും. ഇന്നലെതന്നെ ഉത്തരവും ഇറക്കി.

കുട്ടികൾക്ക് നേരേയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അന്വേഷണം കാര്യക്ഷമമാക്കാനാണ് പുതിയ വിഭാഗം. 20 പൊലീസ് ജില്ലകളിലും യൂണിറ്റുകൾ ആരംഭിക്കും. എസ്.ഐമാർക്കായിരിക്കും യൂണിറ്റ് ചുമതല.

കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾക്ക് 3 വർഷം മുതൽ ജീവപര്യന്തംവരെ തടവുശിക്ഷയും, ഇരയ്ക്കു മരണം സംഭവിച്ചാൽ വധശിക്ഷയും കിട്ടും. 2013 മുതൽ 2018വരെ വിചാരണ പൂർത്തിയായ 1255 കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടത് 230ൽമാത്രം. കോഴിക്കോട്ട് 282 കേസുകൾ വിചാരണ പൂർത്തിയായപ്പോൾ പ്രതികൾ ശിക്ഷിക്കപ്പെട്ടത് 23ൽമാത്രം. അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിക്കാൻ സുപ്രീംകോടതി നിർദ്ദേശമുണ്ട്.ഈ സാഹചര്യത്തിലാണ് പ്രത്യേക വിഭാഗത്തിന് രൂപം നൽകാൻ തീരുമാനിച്ചത്.