പണമടച്ചിട്ടും തടിലേലത്തിൽ പങ്കെടുക്കാനായില്ല

Thursday 10 April 2025 12:17 AM IST

തിരുവനന്തപുരം: പണമടച്ച് രജിസ്​റ്റർ ചെയ്തിട്ടും വനംവകുപ്പിന്റെ ഇ-ലേലത്തിൽ പങ്കെടുക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയതായി പരാതി. തിരുവനന്തപുരം ജില്ലയിലെ സെയിൽസ് ടിമ്പർ ഡിവിഷന് കീഴിൽ ഇന്നലെ നടന്ന ലേലത്തിലാണ് അവസരം നഷ്ടപ്പെട്ടതെന്ന് വ്യാപാരികൾ പറയുന്നു.

തിരുവനന്തപുരം ഡിവിഷന്റെ കീഴിൽ കുളത്തൂപ്പുഴ, തെന്മല, ആര്യങ്കാവ്, അച്ചൻകോവിൽ എന്നിവിടങ്ങളിലെ ലേലമാണ് നടന്നത്. ലേലത്തിൽ പങ്കെടുക്കുന്നതിന് 50,000 രൂപ ഇ.എം.ഡിയായി അടച്ചതിനുശേഷം ഇ-ചെല്ലാൻ ടിമ്പർ ഡിവിഷൻ ഡി.എഫ്.ഒയ്ക്ക് അയച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. ഇത് ഓൺലൈനായി രേഖപ്പെടുത്തി വനംവകുപ്പിന്റെ ഏജൻസിയായ എം.എസ്.ടി.സി ലേലത്തിൽ പങ്കെടുക്കാനുള്ള അവസരം ലഭ്യമാക്കും.

ഇന്നലെ മൂന്നിടത്തേക്ക് ഇ-ചെല്ലാൻ അയച്ചിട്ടും ആര്യങ്കാവ് ലേലത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചില്ലെന്നാണ് ആക്ഷേപം. പരാതിപ്പെട്ടിട്ടും പ്രശ്നം പരിഹരിക്കാൻ തയ്യാറായില്ല.

സാങ്കേതിക തകരാറാണ് പ്രശ്നമെന്നും വൈകാതെ പരിഹരിക്കുമെന്നും അധികൃതർ പറഞ്ഞു. സാങ്കേതിക തകരാറാണ് പ്രശ്നമെങ്കിൽ ലേലം വീണ്ടും നടത്തണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.