വിഴിഞ്ഞത്തിന് 817.80 കോടി വി.ജി.എഫ്, കരാർ ഒപ്പിട്ടു

Thursday 10 April 2025 12:21 AM IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്ര സർക്കാരിന്റെ 817.80 കോടി വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്) സ്വീകരിക്കുന്നതിനുള്ള കരാറുകൾ ഒപ്പിട്ടു. കേന്ദ്രവും പണം സ്വീകരിക്കുന്ന അദാനി വിഴിഞ്ഞം പോർട്ട് കമ്പനിയും ബാങ്ക് കൺസോർഷ്യവുമായുള്ള ത്രികക്ഷി കരാറും തുറമുഖത്തു നിന്നുള്ള വരുമാനത്തിന്റെ 20% ലാഭവിഹിതം കേന്ദ്ര സർക്കാരുമായി സംസ്ഥാനം പങ്കിടാമെന്ന കരാറുമാണ് ഒപ്പിട്ടത്. കേരളത്തിനു വേണ്ടി മന്ത്രി വി.എൻ.വാസവന്റെ സാന്നിദ്ധ്യത്തിൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് കരാറുകളിൽ ഒപ്പുവച്ചത്.

ഇത് ചരിത്ര മുഹൂർത്തമാണെന്ന് മന്ത്രി വാസവൻ പറഞ്ഞു. റോഡ്- റെയിൽ കണക്ടിവിറ്റിക്കായി യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ നടത്തുകയാണ്. 2028ഓടെ ഇത് സാദ്ധ്യമാക്കും. ചരക്കുനീക്കം കരമാർഗം ആവുന്നതോടെ വിഴിഞ്ഞം തുറമുഖ പദ്ധതി പൂർണമായി ലക്ഷ്യത്തിലെത്തും. ലോകത്തിലെ ശ്രദ്ധേയമായ തുറമുഖങ്ങളിലൊന്നായി ഇതിനകം വിഴിഞ്ഞം മാറിയെന്നും മന്ത്രി പറഞ്ഞു.

മാസ്കോട്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ കേന്ദ്ര സാമ്പത്തികകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ബൽദേവ് പുരുഷാർത്ഥ്, തുറമുഖ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ.എ.കൗശികൻ, വി.ഐ.എസ്.എൽ മാനേജിംഗ് ഡയറക്ടർ ദിവ്യ എസ്.അയ്യർ, എ.വി.പി.പി.എൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പ്രദീപ് ജയരാമൻ തുടങ്ങിയവർ പങ്കെടുത്തു.

''ഒരിടത്തുമില്ലാത്ത തിരിച്ചടവ് വ്യവസ്ഥ അംഗീകരിച്ച് വി.ജി.എഫ് കേന്ദ്രത്തിൽ നിന്ന് വാങ്ങുന്നത് തുറമുഖം പൂർണതോതിലാക്കുന്നതിന് കാലതാമസം വരാതിരിക്കാനാണ്. ഇനിയും കാത്തുനിന്ന് സമയം കളയാനില്ല. 2028നകം തുറമുഖത്തിന്റെ ശേഷിക്കുന്ന ഘട്ടങ്ങളും പൂർത്തിയാക്കണം

-വി.എൻ.വാസവൻ

തുറമുഖ മന്ത്രി