വയോജനങ്ങളുടെ സ്‌കിൽ ബാങ്ക് രൂപീകരിക്കും: മന്ത്രി ആർ.ബിന്ദു
തിരുവനന്തപുരം: വയോജനങ്ങളുടെ കഴിവുകൾ സാമൂഹ്യപുരോഗതിക്ക് ഉപയോഗപ്പെടുത്താൻ സ്‌കിൽ ബാങ്ക് രൂപീകരിക്കുമെന്ന് മന്ത്രി ആർ.ബിന്ദു. സാമൂഹ്യനീതിവകുപ്പ് ആരംഭിക്കുന്ന വെബ് പോർട്ടലിന്റെ ഭാഗമായിട്ടാണ് സ്കിൽബാങ്ക് രൂപീകരിക്കുക. വയോജനങ്ങൾക്ക് സ്കിൽബാങ്കിൽ രജിസ്റ്റർ ചെയ്യാം. വയോജനങ്ങളുടെ സമ്പൂർണസംരക്ഷണം ഉറപ്പാക്കുന്നതിന് മറ്റൊരു നിയമനിർമ്മാണം അന്തിമഘട്ടത്തിലാണ്. ഇത് വൈകാതെ സഭയിൽ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
വയോജന കമ്മിഷൻ യാഥാർത്ഥ്യമാക്കിയ മന്ത്രിക്ക് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ഏർപ്പെടുത്തിയ ആദരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു. സമൂഹം വയോജനങ്ങൾക്കായി സമയം മാറ്റിവയ്ക്കുന്ന ടൈംപൂളിംഗ് നടപ്പാക്കുന്നതിനെക്കുറിച്ച് സാമൂഹ്യനീതിവകുപ്പ് ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു.
സ്ത്രീകൾക്കായി സംസ്ഥാനത്തുടനീളം വൃത്തിയുള്ള ടോയ്ലെറ്റുകൾ ഉറപ്പാക്കണമെന്ന് മുൻ പ്ലാനിംഗ് ബോർഡ് അംഗംഡോ. ബി.ഇക്ബാൽ പറഞ്ഞു. പ്രായാധിക്യമുള്ള സ്ത്രീകളുടെ ആരോഗ്യം സമകാലീനരായ പുരുഷന്മാരേക്കാൾ മോശമാണ്. വയോജനങ്ങൾക്കായുള്ള സർക്കാർ പദ്ധതികൾ സോഷ്യൽ ഓഡിറ്റിന് വിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അസോസിയേഷൻ പ്രസിഡന്റ് വി.എ.എൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണൻ മന്ത്രിക്ക് ഉപഹാരം നൽകി. പ്ലാനിംഗ് ബോർഡ് അംഗം ജിജു പി.അലക്സ്,
ടി.ആർ. സുഭാഷ്, ദിലീപ് മലയാലപ്പുഴ, കെ.എ.സരള, സുകുമാരൻ ആശാരി എന്നിവർ പങ്കെടുത്തു.