വയനാട്: വായ്പകൾ എഴുതിത്തള്ളില്ലെന്ന് കേന്ദ്രം വീണ്ടും

Thursday 10 April 2025 12:23 AM IST

കൊച്ചി: വയനാട് ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളാനാവില്ലെന്നും മോറട്ടോറിയം നൽകാനേ കഴിയൂവെന്നും കേന്ദ്രം ആവർത്തിച്ചതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വായ്പകൾക്ക് ഒരു വർഷത്തെ മോറട്ടോറിയം നൽകി മുതലും പലിശയും പുനഃക്രമീകരിക്കാൻ ധാരണയായെന്ന് കഴിഞ്ഞ തവണ വയനാട് പുനരധിവാസം സംബന്ധിച്ച കേസ് പരിഗണിക്കവേ കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നിലപാടിൽ അതൃപ്തി അറിയിച്ച കോടതി, വായ്പ എഴുതിത്തള്ളാൻ നടപടി സ്വീകരിക്കാനാവുമോയെന്ന് അറിയിക്കാൻ നിർദ്ദേശവും നൽകിയിരുന്നു. ഇന്നലെ കേസ് വീണ്ടും പരിഗണിച്ചപ്പോൾ, കേന്ദ്രം പഴയ നിലപാട് ആവർത്തിച്ച് സത്യവാങ്മൂലം നൽകിയതായി സംസ്ഥാന സർക്കാർ അഭിഭാഷകൻ അറിയിക്കുകയായിരുന്നു. സത്യവാങ്മൂലം കോടതി മുമ്പാകെ എത്തിയിട്ടില്ലെന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എസ്. ഈശ്വരൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി. കേന്ദ്ര സർക്കാരിന് വേണ്ടി വാദം നടത്താറുള്ള അഡി. സോളിസിറ്റർ ജനറൽ ഹാജരായതുമില്ല. അതിനാൽ ഹർജികൾ ഇന്ന് പരിഗണിക്കാനായി മാറ്റി.