മന്ത്രി കേളുവിന്റെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ടു

Thursday 10 April 2025 12:49 AM IST

കൊല്ലം: മന്ത്രി ഒ.ആർ.കേളുവിന്റെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ടു. ഇന്നലെ വൈകിട്ട് 5.30 ഓടെ പത്തനാപുരം പുനലൂർ റോഡിൽ വാഴത്തോപ്പിലായിരുന്നു സംഭവം. കടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. മഴയത്ത് മലയോര ഹൈവേയിൽ ജീപ്പ് തെന്നി നിയന്ത്രണം നഷ്ടപ്പെട്ടാണ് മറിഞ്ഞത്. പൈലറ്റ് വാഹനത്തിൽ എ.എസ്.ഐ ഹരികുമാറും സി.പി.ഒ സജിനുമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. മന്ത്രി തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്നു. പതിനഞ്ച് മിനിറ്റിന് ശേഷം പത്തനാപുരം പൊലീസ് സ്റ്റേഷനിൽ നിന്ന് പൈലറ്റ് വാഹനം എത്തിച്ച ശേഷമാണ് മന്ത്രി യാത്ര തുടർന്നത്.