ആഴ്സനലിന്റെ അരിയിട്ടുവാഴ്ച
യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യ പാദ ക്വാർട്ടറിൽ 3-0ത്തിന് റയൽ മാഡ്രിഡിനെ തോൽപ്പിച്ച് ആഴ്സനൽ
ആഴ്സനലിനായി ഇരട്ട ഫ്രീ കിക്ക് ഗോളുകൾ നേടി ഡെക്ളാൻ റൈസ്
ബയേൺ മ്യൂണിക്കിനെ ആദ്യ പാദത്തിൽ 2-1ന് തോൽപ്പിച്ച് ഇന്റർ മിലാൻ
ആഴ്സനൽ 3- റയൽ മാഡ്രിഡ് 0
ഇന്റർ മിലാൻ 2- ബയേൺ മ്യൂണിക്ക് 1
ലണ്ടൻ : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ ആദ്യ പാദ ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡിനെ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് തകർത്ത് ഇംഗ്ളീഷ് ക്ളബ് ആഴ്സനൽ. ആഴ്സനലിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എണ്ണം പറഞ്ഞ രണ്ട് ഫ്രീകിക്കുകൾ ഗോളാക്കിമാറ്റിയ ഡെക്ളാൻ റൈസും ഒരു ഗോൾ നേടിയ മൈക്കേൽ മെറിനോയും ചേർന്നാണ് വിധിയെഴുതിയത്. ഇൻജുറി ടൈമിൽ രണ്ടാം മഞ്ഞക്കാർഡും വാങ്ങി എഡ്വാർഡോ കാമാവിംഗ മടങ്ങിയതിന്റെ ആഘാതവും ഏറ്റുവാങ്ങിയാണ് റയൽ മത്സരം പൂർത്തിയാക്കിയത്.
എതിരാളികളുടെ കളിമുറ്റത്ത് റയൽ മാഡ്രിഡിന്റെ ആക്രമണങ്ങളുമായാണ് ആദ്യപാദ ക്വാർട്ടർ തുടങ്ങിയത്. എംബാപ്പെയും വിനീഷ്യസും ബെല്ലിംഗ്ഹാമും റോഡ്രിഗോയുമൊക്കെ അണിനിരന്ന റയലിന്റെ പരിശ്രമങ്ങൾ പക്ഷേ ആഴ്സനൽ ഗോളി ഡേവിഡ് റായ കാത്ത വലയ്ക്കുള്ളിലേക്കെത്തിയില്ല. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 58-ാംമിനിട്ടിലാണ് ഒരു ഫ്രീ കിക്കിൽ നിന്ന് ഡെക്ളാൻ റൈസ് ആദ്യം വലകുലുക്കിയത്. 70-ാം മിനിട്ടിൽ മറ്റൊരു ഫ്രീകിക്കും റൈസ് വലയിലാക്കി. 75-ാം മിനിട്ടിലാണ് മെറിനോ പട്ടിക പൂർത്തിയാക്കിയത്. 69-ാം മിനിട്ടിൽ ആദ്യ മഞ്ഞക്കാർഡ് കണ്ടിരുന്ന കാമാവിംഗ ഇൻജുറി ടൈമിന്റെ നാലാം മിനിട്ടിലാണ് അടുത്ത മഞ്ഞക്കാർഡും മാർച്ചിംഗ് ഓർഡറും ഏറ്റുവാങ്ങിയത്. ഗോൾ കീപ്പർ തിബോ കുർട്ടോയുടെ മികച്ച സേവുകളാണ് റയലിന്റെ തോൽവിയുടെ തീവ്രത ഇതിലൊതുക്കിയത്. തുടക്കത്തിലെ ആവേശത്തിന് ശേഷം റയൽ ആഴ്സനലിന് മുന്നിൽ പരുങ്ങുന്നതാണ് കണ്ടത്. 11 ഷോട്ടുകളാണ് ആഴ്സനൽ താരങ്ങൾ വലയ്ക്ക്നേരേ തൊടുത്തത്. റയലിന് മൂന്നുഷോട്ടുകളേ ടാർഗറ്റിലേക്ക് തൊടുക്കാനായുള്ളൂ.
അടുത്ത ബുധനാഴ്ച രാത്രിയാണ് റയൽ മാഡ്രിഡിന്റെ തട്ടകത്തിൽ രണ്ടാം പാദ ക്വാർട്ടർ ഫൈനൽ. ഈ മത്സരത്തിൽ ഇതിലും മികച്ച മാർജിനിൽ ജയിച്ചില്ലെങ്കിൽ നിലവിലെ ചാമ്പ്യന്മാർക്ക് പുറത്തുപോകേണ്ടിവരും.
ഗോളുകൾ ഇങ്ങനെ
1-0
58-ാം മിനിട്ട്
ഡെക്ളാൻ റൈസ്
ബുക്കായോ സാക്കയെ ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീ കിക്ക് 30 വാര അകലെനിന്ന് ഡെക്ളാൻ റൈസ് റയലിന്റെ പ്രതിരോധ മതിലിനെ ചുറ്റിവളച്ചടിച്ച് വലയുടെ വലതുമൂലയിലേക്ക് കയറ്റിവിട്ടു.
2-0
70-ാം മിനിട്ട്
ഡെക്ളാൻ റൈസ്
അടുത്ത ഫ്രീ കിക്ക് റൈസ് പ്രതിരോധ മതിലിന് മുകളിലൂടെ നൂലുപിടിച്ചെന്നപോലെ കൃത്യമായി ചരിച്ച് വലയുടെ ടോപ്കോർണറിനുള്ളിലൂടെ ഗോളാക്കി.
3-0
75-ാം മിനിട്ട്
മൈക്കേൽ മെറിനോ
മദ്ധ്യനിരയിൽ നിന്ന് റൈസും ട്രൊസാഡും ചേർന്ന് രൂപം നൽകിയ മുന്നേറ്റത്തിനൊടുവിൽ ലൂയിസ് സ്കെല്ലിയുടെ ക്രോസിനെ കൃത്യമായി വലയിലേക്ക് ഫിനിഷ് ചെയ്ത് മെറിനോ പട്ടിക പൂർത്തിയാക്കി.
5
ഈ സീസൺ ചാമ്പ്യൻസ് ലീഗിൽ റയലിന്റെ അഞ്ചാമത്തെ തോൽവിയാണിത്. ഇതിന് മുമ്പ് 2000-01 സീസണിൽ മാത്രമേ റയൽ അഞ്ചുമത്സരങ്ങൾ തോറ്റിട്ടുള്ളൂ.
3
ചാമ്പ്യൻസ് ലീഗിൽ ഇതുവരെ റയൽ മാഡ്രിഡിന് തോൽപ്പിക്കാൻ കഴിയാത്ത ടീമാണ് ആഴ്സനൽ. ഇരുവരും തമ്മിലുള്ള മൂന്നാമത്തെ പോരാട്ടമായിരുന്നു ഇത്. ആഴ്സനലിന്റെ രണ്ടാം ജയം. ഒരു കളി സമനിലയിലായി.
ബയേണിന് ഇന്റർ ഷോക്ക്
കഴിഞ്ഞരാത്രി നടന്ന മറ്റൊരു ആദ്യപാദ ക്വാർട്ടർഫൈനലിൽ ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്കിനെ ഇറ്റാലിയൻ ക്ളബ് ഇന്റർ മിലാൻ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി. ബയേണിന്റെ തട്ടകത്തിൽ ചെന്നായിരുന്നു ഇന്ററിന്റെ ജയം. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ടുനിന്ന ഇന്ററിനെ രണ്ടാം പകുതിയുടെ അവസാനസമയത്ത് ബയേൺ സമനിലയിലാക്കിയെങ്കിലും മൂന്ന് മിനിട്ടിനകം വിജയഗോൾ നേടി ഇന്റർ വിധിയെഴുതി.
38-ാം മിനിട്ടിൽ അർജന്റീന താരം ലൗതാരോ മാർട്ടിനെസിലൂടെയാണ് ഇന്റർ മിലാൻ മുന്നിലെത്തിയത്. 85-ാം മിനിട്ടിൽ തോമസ് മുള്ളർ ബയേണിനെ ഒപ്പമെത്തിച്ചു. 88-ാം മിനിട്ടിൽ ഡേവിഡ് ഫ്രെറ്റേസിയാണ് ഇറ്റാലിയൻ ക്ളബിന്റെ വിജയ ഗോൾ നേടിയത്. മുൻചാമ്പ്യൻമാരിൽ ആര് സെമിയിലെത്തുമെന്ന് അടുത്ത ബുധനാഴ്ച രാത്രി നടക്കുന്ന രണ്ടാം പാദ ക്വാർട്ടറിന് ശേഷമറിയാം.