പ്രഥമ കേരള ഓപ്പൺ കരാട്ടെ ഇന്നുമുതൽ

Thursday 10 April 2025 12:54 AM IST

തിരുവനന്തപുരം: കേരള ഒളിമ്പിക് അസോസിയേഷനും കേരള കരാട്ടെ അസോസിയേഷനും ചേർന്ന് സംഘടിപ്പിക്കുന്ന കേരള ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പ് ഇന്നുമുതൽ 12 വരെ തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ഇന്ന് രാവിലെ മന്ത്രി ശ്രീ. വി. ശിവൻ കുട്ടി ഉദ്ഘാടനം നിർവഹിക്കും. കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽ കുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കായിക യുവജനകാര്യ ഡയറക്ടർ പി. വിഷ്ണു രാജ്, കേരള കരാട്ടെ അസോസിയേഷൻ പ്രസിഡന്റ് എസ്. രഘു കുമാർ,കെ.ഒ.എ സെക്രട്ടറി ജനറൽ എസ്. രാജീവ് ,എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. എൻ. രഘുചന്ദ്രൻ നായർ,കേരള കരാട്ടെ അസോസിയേഷൻ ജനറൽ സെക്രട്ടറി പി. ചന്ദ്രശേഖര പണിക്കർ, ജില്ല ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് കെ. എസ്. ബാലഗോപാൽ തുടങ്ങിയവർ പങ്കെടുക്കും.

14 ജില്ലകളെ പ്രതിനിധീകരിച്ച് 3000ത്തോളം കായികതാരങ്ങൾ പങ്കെടുക്കും. കത്ത, കുമിത്തെ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. വൈറ്റ് ബെൽറ്റ് മുതൽ ബ്ലാക്ക് ബെൽറ്റ് വരെയുള്ള, പ്രായ ലിംഗ ഭേദമെന്യേ കേരളത്തിലെ ഏത് കരാട്ടെക്കാർക്കും പങ്കെടുക്കാം. മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ശക്തമായ സന്ദേശം നൽകുകയാണ് ടൂർണമെന്റിന്റെ ലക്ഷ്യമെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽ കുമാർ പറഞ്ഞു