വീട്ടിലെ പ്രസവങ്ങൾ കുറ്റകൃത്യമല്ല, അതിന് അക്യൂപംഗ്ചറുമായി ബന്ധമില്ല: ഐ.എ.പി.എ
മലപ്പുറം: വീട്ടിലെ പ്രസവങ്ങൾ മഹാഅപരാധമായി പ്രചരിപ്പിച്ച് മലപ്പുറം ജില്ലയേയും അംഗീകൃത ചികിത്സാ ശാസ്ത്രശാഖയായ അക്യൂപംഗ്ചറിനേയും അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ അപലപനീയമാണെന്ന് ഇന്ത്യൻ അക്യൂപംഗ്ചർ പ്രാക്ടീഷനേഴ്സ് അസോസിയേഷൻ (ഐ.എ.പി.എ) സംസ്ഥാന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വീട്ടിലെ പ്രസവങ്ങൾ കുറ്റകൃത്യമോ നിയമപരമായി പാടില്ലാത്തതോ അല്ല. പഴയകാലത്ത് പ്രസവങ്ങൾ വീട്ടിൽ വന്ന് എടുത്തിരുന്നത് നഴ്സുമാരും വയറ്റാട്ടികളുമായിരുന്നു. അടുത്ത കാലത്താണ് എല്ലാ പ്രസവവും ആശുപത്രിയിൽ വച്ചുതന്നെ വേണമെന്ന് ആരോഗ്യവകുപ്പും അലോപ്പതി ഡോക്ടർമാരും നിർബന്ധപൂർവ്വം പ്രചരിപ്പിക്കാൻ തുടങ്ങിയത്. സാമ്പത്തിക ചൂഷണം മാത്രമാണ് ഈ പ്രചരണത്തിന് പിന്നിൽ. സിസേറിയനിലൂടെ ആശുപത്രികൾ വലിയ ചൂഷണമാണ് നടത്തുന്നത്. ആശുപത്രി പ്രസവങ്ങളെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ എതിർത്തിട്ടുള്ളത് പ്രമുഖ കാർഡിയോളജിസ്റ്റും രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച ഡോ. ബി.എം. ഹെഗ്‌ഡെയാണ്. അദ്ദേഹത്തിന്റെ ഈ രംഗത്തുള്ള പ്രഭാഷണങ്ങളും നിരീക്ഷണങ്ങളും സോഷ്യൽ മീഡിയയിൽ ലഭ്യമാണ്. അദ്ദേഹത്തിന് കാര്യകാരണ സഹിതം മറുപടി പറയാൻ കഴിയാത്തവരാണ് ഇപ്പോൾ അക്യൂപംഗ്ചറിനെതിരെ തിരിയുന്നത്. ഇവരുടെ ദുഷ്ടലാക്ക് മനസിലാക്കാൻ കഴിയാതെ ആരോഗ്യവകുപ്പ് അവർക്ക് കൂട്ടുനിൽക്കുന്നത് ഖേദകരമാണ്.
2024 ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം വീടുകളിൽ റിപ്പോർട്ട് ചെയ്ത മാതൃമരണങ്ങളെല്ലാം ഉരുൾപൊട്ടൽ, ആത്മഹത്യ, കൊലപാതകം എന്നിവ മൂലമുണ്ടായതാണ്. അങ്ങിനെയെങ്കിൽ വീടുകളിലെ യഥാർത്ഥ മാതൃമരണ നിരക്ക് പൂജ്യം ശതമാനമാണ്. അക്യുപംഗ്ചർ ലോക വ്യാപകമായി അംഗീകരിക്കപ്പെട്ട ചികിത്സാ രീതിയാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇതിന് പ്രത്യേകമായി റെഗുലേറ്ററി ബോർഡുകളുണ്ട്. കേരളത്തിലും കാൽ നൂറ്റാണ്ടിലേറെയായി ഈ ചികിത്സാ സമ്പ്രദായം പ്രചാരത്തിലുണ്ട്. മെഡിക്കൽ പ്രാക്ടീഷനേഴ്സിന് മാത്രമല്ല, ട്രെയിൻഡ് പേഴ്സണൽസിനും അക്യുപംഗ്ചർ പ്രാക്ടീസ് ചെയ്യാമെന്ന് കേന്ദ്ര സർക്കാർ, കോടതി ഉത്തരവുകളുണ്ട്. ഇത് മറച്ചുവെച്ചാണ് പലരും ജനങ്ങൾക്കിടയിൽ വ്യാപകമായ തെറ്റിദ്ധാരണയുണ്ടാക്കാൻ ശ്രമിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് ഷുഹൈബ് റിയാലു, ജനറൽ സെക്രട്ടറി സി.കെ.സുനീർ, വൈസ് പ്രസിഡന്റ് സയ്യിദ് അക്രം, എക്സിക്യൂട്ടീവ് മെമ്പർ ജംഷീർ അലി, പി.ആർ.ഒ ജുനൈദ് അഹമ്മദ് പറഞ്ഞു.