അമിത ഫോൺ ഉപയോഗം, സംസ്ഥാനത്തെ ഭൂരിഭാഗം കുട്ടികളിലും ഗുരുതര കാഴ്‌ചവൈകല്യം; ഉദരരോഗങ്ങളും വർദ്ധിക്കുന്നു
കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിലെ സ്‌കൂൾ വിദ്യാർത്ഥികളിൽ കാഴ്‌ചവൈകല്യം വർദ്ധിക്കുന്നത് പത്തിരട്ടി വേഗത്തിലെന്ന് കണ്ടെത്തൽ. പരിശോധനയ്‌ക്ക് വിധേയമായ കുട്ടികളിൽ ഏഴിൽ ഒരാൾക്കെങ്കിലും കാഴ്‌ചക്കുറവുണ്ടെന്നാണ് കണ്ടെത്തൽ. ദേശീയ ആയുഷ് മിഷന്റെ കീഴിലുള്ള ദൃഷ്‌ടി പദ്ധതി വഴി നടത്തിയ 16 ക്യാംപുകളിൽ നിന്ന് മാത്രമായി 144 കുട്ടികളിലാണ് കാഴ്‌ചവൈകല്യം കണ്ടെത്തിയത്.
ഇതിൽ 12പേർക്ക് മാത്രമാണ് കാഴ്‌ചയെ ബാധിക്കുന്ന ബുദ്ധിമുട്ടുകൾ മുമ്പ് ഉണ്ടായിരുന്നത്. തിമിരം, റെറ്റിനോപ്പതി, ഗ്ലൊക്കോമ തുടങ്ങിയ അസുഖങ്ങൾ ബാധിച്ച 14 കുട്ടികളെയും പരിശോധനയിൽ കണ്ടെത്തി. ആകെ 784 വിദ്യാർത്ഥികളിലാണ് പരിശോധന നടത്തിയത്. ഓഗസ്റ്റ് മുതൽ ആരംഭിച്ച പദ്ധതിയുടെ പ്രവർത്തനങ്ങൾ കാസർകോട് മുനിസിപ്പാലിറ്റിയിലും പഞ്ചായത്തുകളിലെ സ്‌കൂളുകളിലുമായി പുരോഗമിക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവരുന്നത്.
അമിതമായ ഫോൺ, ടിവി ഉപയോഗം, ജങ്ക് ഫുഡ്, മധുര പലഹാരങ്ങൾ, എണ്ണയിൽ വറുത്ത ആഹാരങ്ങൾ, കാർബണേറ്റഡ് ഡ്രിങ്ക്‌സ് തുടങ്ങിയവയുടെ അമിത ഉപയോഗം, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക, സമയം തെറ്റിയുള്ള ആഹാരം, ഭക്ഷണത്തിൽ പോഷകത്തിന്റെ അഭാവം, വ്യായാമം ഇല്ലായ്‌മ, പകലുറക്കം, രാത്രി ഉറങ്ങാൻ വൈകുന്നത് തുടങ്ങിയവ കാഴ്‌ച വൈകല്യങ്ങൾക്കും കണ്ണിലെ മറ്റ് അസുഖങ്ങൾക്കും കാരണമാണെന്നാണ് ഡോക്‌ടർമാരുടെ വിശദീകരണം.
കാഴ്‌ച വൈകല്യങ്ങൾ കണ്ടെത്തിയ കുട്ടികളിൽ ഭൂരിഭാഗവും മണിക്കൂറുകളോളം ഫോൺ ഉപയോഗം ഉള്ളവരാണെന്ന് കണ്ടെത്തി. മിക്കവരിലും മലബന്ധം, വിശപ്പില്ലായ്‌മ തുടങ്ങിയ വയർ സംബന്ധമായ അസുഖങ്ങളും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇത് കാസർകോട് ജില്ലയിലെ മാത്രം പ്രശ്‌നമല്ല. കേരളത്തിലാകെയുള്ള കുട്ടികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ്. കൃത്യമായ പരിശോധന നടത്തിയാൽ കണ്ടെത്താനാകും. കുട്ടികളെ ആരോഗ്യത്തോടെയുള്ള ജീവിതശൈലി എന്ന ശീലത്തിലേക്ക് എത്തിക്കേണ്ടത് മാതാപിതാക്കളുടെ കർത്തവ്യമാണ്.