സഞ്ചാരികൾക്ക് ഹരമായി പാണംകുഴിയും അഭയാരണ്യവും
കൊച്ചി: മദ്ധ്യവേനൽ അവധി ആരംഭിച്ചതോടെ കപ്രിക്കാട് അഭയാരണ്യത്തിലും പാണംകുഴി ഇക്കോടൂറിസം പോയിന്റിലും തദ്ദേശീയരായ സഞ്ചാരികളുടെ തിരക്ക് ഏറി.
നൂറ്റാണ്ടിലേറെയായി കോടനാട് പ്രവർത്തിച്ചിരുന്ന ആനപരിപാലന കേന്ദ്രം 2016-ലാണ് കപ്രിക്കാട് അഭയാരണ്യത്തിലേക്ക് മാറ്റിയത്. നിലവിൽ സുനിത (54), അഞ്ജന (20), പാർവതി (21), ആശ (22), ഹരിപ്രസാദ് (52), പിലാണ്ടി ചന്ദ്രു (49), അഭിമന്യു (52) എന്നിങ്ങനെ നാല് പിടിയാനകളും മൂന്ന് കൊമ്പനാനകളുമാണ് അഭയാരണ്യത്തിലുള്ളത്.
കാട്ടിൽ നിന്ന് പല സാഹചര്യങ്ങളിൽ വനംവകുപ്പിന്റെ പിടിയിലായ ആനകളാണ് ഇതെല്ലാം. കാട്ടാനകൾ ആണെങ്കിലും അവരെല്ലാം ഇന്ന് ശാന്തരായ നാട്ടാനകളാണ്. യാതൊരുവിധ തൊഴിൽ പീഡനങ്ങളുമില്ലാതെ സ്വൈര്യമായി ജീവിക്കുന്ന ആനകളെ അടുത്തുകാണാൻ ആളുകൾക്കും കൗതുകമാണ്. രാവിലെ ഏഴുമണി മുതൽ ക്യാമ്പിനുള്ളിൽ അഞ്ചു കിലോമീറ്ററോളം നടത്തമുണ്ട്. പിന്നീട് ക്യാമ്പിൽ തളച്ച് ഭക്ഷണം നൽകും. രാവിലെ 10-നും ഉച്ചയ്ക്ക് ശേഷം 3-നും രണ്ട് പിടിയാനകളെ വീതം പെരിയാർ നദിയിൽ നീരാട്ടിനിറക്കും. ഇത് കാണുന്നതിനായി മാത്രമായും നിരവധി സഞ്ചാരികൾ ഇവിടെയെത്താറുണ്ട്. നിലവിൽ മൂന്ന് കൊമ്പന്മാരും മദപ്പാടിലായതുകൊണ്ട് അഭയാരണ്യം വെറ്ററിനറി ഓഫീസറുടെ പരിചരണത്തിലാണ്.
മിനി മൃഗശാല
കപ്രിക്കാട് ആന ക്യാമ്പിന് പുറമെ നൂറുകണക്കിന് മാനുകളുള്ള രണ്ട് മാൻ പാർക്കുകൾ (കലമാൻ, പുള്ളിമാൻ), ബട്ടർഫ്ലൈ പാർക്ക്, ഫലവൃക്ഷത്തോട്ടം എന്നിവയുമുണ്ട്. എല്ലായിടത്തും ആവശ്യത്തിന് ഇരിപ്പിടങ്ങളും വിശ്രമ സ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്. ഏറുമാടങ്ങൾ, മുളന്തോട്ടം, രക്തചന്ദനത്തോട്ടം, ഊഞ്ഞാലുകൾ, പുഴയോര നടപ്പാത, ആനകളെ കളിപ്പിക്കുന്ന കടവ്, കുട്ടികളുടെ പാർക്ക്, പുഴയോര ഇരിപ്പിടങ്ങൾ, നവീകരിച്ച ലഘുഭക്ഷണശാല എന്നിവയുമുണ്ട്.
പാണംകഴി ഇക്കോ ടൂറിസം
പെരിയാർ പുഴയുടെ തീരത്ത് ഒരുക്കിയിട്ടുള്ള പ്രധാന ഇക്കോ ടൂറിസം പോയിന്റാണ് പാണംകുഴി ഇക്കോ ടൂറിസം. പ്രവേശന കവാടത്തിൽ നിന്നും 300 മീറ്ററോളം നടന്നാണ് കടവിൽ എത്തുന്നത്. പതിറ്റാണ്ടുകൾ പഴക്കമുള്ള വൻ മഹാഗണി മരങ്ങളും, ചീനിമരങ്ങളും, വള്ളിപ്പടർപ്പുകളും, അടിക്കാടുകളും കൊണ്ട് സമ്പുഷ്ടമായ വനമേഖലയാണിത്. പുഴയോരത്ത് ഇരിപ്പിടങ്ങൾ, ഏറുമാടങ്ങൾ, ഊഞ്ഞാലുകൾ, വിശ്രമ കേന്ദ്രങ്ങൾ, ലഘുഭക്ഷണശാല എന്നിവയുമൊരുക്കിയിട്ടുണ്ട്.