മെഡിസെപ് നിറുത്തരുത്

Friday 11 April 2025 4:33 AM IST

മെഡിസെപ് ഇൻഷ്വറൻസ് പദ്ധതിയെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ വളരെ പ്രാധാന്യത്തോടെ കേരളകൗമുദി നല്കിയ വാർത്തയും എഡിറ്റോറിയലും പെൻഷൻകാരായ ഞങ്ങൾ വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു. സാധാരണ പെൻഷൻകാരെ സംബന്ധിച്ച് മെഡിസെപ് ഒരു വലിയ അനുഗ്രഹമാണ്. മാസംതോറും പെൻഷനിൽ നിന്ന് അഞ്ഞൂറുരൂപ പിടിക്കുന്നു എന്നത് ഒരു നിസാര കാര്യമാണ്. പക്ഷേ, രോഗം ബാധിച്ച് ആശുപത്രി കയറേണ്ടി വരുന്നവർക്കറിയാം അതിന്റെ പ്രയാസം.

ചെറിയ തുക പെൻഷനായി ലഭിക്കുന്നവർക്കും മറ്റു വരുമാന മാർഗങ്ങൾ ഇല്ലാത്തവർക്കും മെഡിസെപ് ഒരു വലിയ സഹായമാണ്. എന്നാൽ പല ആശുപത്രികളിൽ നിന്നും മെഡിസെപ്പിലേക്ക് അയയ്ക്കുന്ന ബില്ലുകൾ നിസാര കാരണങ്ങൾ പറഞ്ഞ് നിരസിക്കുന്ന അനുഭവങ്ങളുണ്ട്. അത്തരം അനുഭവങ്ങൾ എനിക്കുമുണ്ടായിട്ടുണ്ട്. പിന്നീട്, പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ ആ തുകകൾ പാസാക്കി തരികയും ചെയ്തിട്ടുണ്ട്. മെഡിസെപ്പ് നിരസിക്കാൻ പറയുന്ന കാരണങ്ങൾ വളരെ നിസാരമാണ്. അതിലാണ് മാറ്റം വരുത്തേണ്ടത്. ആശുപത്രി ബില്ലുകൾ കൃത്യമായി അനുവദിച്ചു കിട്ടണം. അതിനു നടപടി വേണം. താത്പര്യമുള്ളവർ മാത്രം മെഡിസെപ്പിൽ ചേർന്നാൽ മതി എന്ന നിർദ്ദേശവും നല്ല കാര്യമാണ്. എങ്ങനെയായാലും മെഡിസെപ്പ് പൂർണമായും നിറുത്തലാക്കരുത് എന്നാണ് സാധാരണ പെൻഷൻകാരുടെ അഭിപ്രായം.

സി. വി. ചന്ദ്രൻ ഫാമിലി പെൻഷണർ പത്തനംതിട്ട.