സെക്രട്ടേറിയറ്റ് സമരത്തിനിടെ ഉദ്യോഗാർത്ഥി കുഴഞ്ഞുവീണു, ആശുപത്രിയിൽ എത്തിച്ചത് ചെന്നിത്തലയുടെ വാഹനത്തിൽ

Friday 11 April 2025 4:55 AM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ വനിത സിവിൽ പൊലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന അനിശ്ചിതകാല സമരത്തിനിടെ ഉദ്യോഗാർത്ഥി കുഴഞ്ഞുവീണു. ആംബുലൻസ് എത്താൻ വൈകിയതിനെ തുടർന്ന് ഉദ്യോഗാർത്ഥിയെ ജനറൽ ആശുപത്രിയിലെത്തിച്ചത് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ വാഹനത്തിൽ. തൃശൂർ സ്വദേശി ഹനീനയാണ് കുഴഞ്ഞുവീണത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടിനായിരുന്നു സംഭവം.

രാവിലെ ഉദ്യോഗാർത്ഥികൾ എത്തമിട്ട് പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നിത്തല സമരപ്പന്തൽ സന്ദർശിച്ചത്. അദ്ദേഹത്തോട് കാര്യങ്ങൾ വിശദീകരിച്ചത് ഹനീനയായിരുന്നു. അതിനുശേഷം ചെന്നിത്തല മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഹനീന കുഴ‌ഞ്ഞുവീണത്. അല്പസമയം കാത്തുനിന്നെങ്കിലും ആംബുലൻസ് എത്താൻ വൈകിയതോടെ ചെന്നിത്തലയുടെ വാഹനത്തിൽ ഹനീനയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

പിന്നീട് ചെന്നിത്തലയും കാറിലുണ്ടായിരുന്ന ഭാര്യ അനിതയും ഒരു കോൺഗ്രസ് പ്രവർത്തകന്റെ വാഹനത്തിൽ മടങ്ങി. വനിത സി.പി.ഒ ഉദ്യോഗാർത്ഥികളോട് സർക്കാർ മനുഷ്യത്വം കാണിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. അടുത്തയാഴ്ച റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കും. പലരുടെയും പ്രായപരിധിയും കഴിയും. ലിസ്റ്റിലുള്ള പരമാവധി പേർക്ക് ഒഴിവനുസരിച്ച് നിയമനം നൽകണമെന്നും ആവശ്യപ്പെട്ടു.