മധുരക്കിഴങ്ങ് കൃഷി: പഠന റിപ്പോർട്ട് കൈമാറി

Thursday 10 April 2025 9:37 PM IST

കൊച്ചി: മധുരക്കിഴങ്ങ് കൃഷി നേരിടുന്ന പ്രശ്നങ്ങളും വിളയുടെ വിപണന സാദ്ധ്യതകളും സംബന്ധിച്ച് കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ തയ്യാറാക്കിയ പഠന റിപ്പോർട്ട് സെൻട്രൽ ട്യൂബർ ക്രോപ്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് (സി.ടി.സി.ആർ.ഐ) കൈമാറി. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന അട്ടപ്പാടി ട്രൈബൽ സ്പെഷ്യൽ പ്രോജക്ടിനോടനുബന്ധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

കേരളത്തെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി യൂണിവേഴ്സിറ്റി വിഭാവനം ചെയ്ത ഫ്യൂച്ചർ കേരള മിഷന്റെ ഭാഗമായാണ് അട്ടപ്പാടിയിലെ ഊരുകൾ സന്ദർശിച്ച് വിദ്യാർത്ഥി സംഘം പഠനം നടത്തിയത്.

കിലയുടെ അഗളി സെന്ററിൽ 'പുനർജീവനം' മധുരക്കിഴങ്ങ് വിളവെടുപ്പിന്റെ ഉദ്ഘാടനച്ചടങ്ങിൽ സി.ടി.സി.ആർ.ഐ ഡയറക്ടർ ഡോ. കെ. ബൈജു റിപ്പോർട്ട് ഏറ്റുവാങ്ങി. സാമ്പത്തികശാസ്ത്ര വിദ്യാർത്ഥി ആരതി കൃഷ്ണാലയം, ജേർണലിസം വിദ്യാർത്ഥി മിത്ര പ്രകാശ് എന്നിവരാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. സി.പി. രശ്മി, കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. എ.ആർ. ശരണ്യ എന്നിവർ മാർഗനിർദ്ദേശം നൽകി.

 ക്ലാസുകൾ നടത്തി

മധുരക്കിഴങ്ങിന്റെ മൂല്യവർദ്ധിത ഉത്പന്ന വിപണനത്തിന്റെ സാദ്ധ്യതകളെക്കുറിച്ച് അട്ടപ്പാടിയിലെ കുടുംബശ്രീ പ്രവർത്തകർക്ക് പ്രത്യേക ക്ലാസും സംഘടിപ്പിച്ചു. ചടങ്ങിൽ കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ഡോ. ഷാനവാസ്, കിഴങ്ങ് വിള ഗവേഷണ കേന്ദ്രം, കുടുംബശ്രീ മിഷൻ, അഗളി ഗ്രാമപഞ്ചായത്ത് എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു.