കേരള യൂണി.യിൽ എസ്.എഫ്.ഐ- കെ.എസ്‍.യു സംഘർഷം

Friday 11 April 2025 12:55 AM IST

തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്ത് എസ്.എഫ്.ഐ- കെ.എസ്‌.യു സംഘർഷം. യൂണിയൻ തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ വിജയാഹ്ലാദത്തിനിടെ ഇരുവിഭാഗം പ്രവർത്തകർ തമ്മിൽ കല്ലേറുണ്ടായി. തുടർന്ന് പൊലീസ് ലാത്തി വീശി. സംഘർഷത്തിലും ലാത്തിച്ചാർജിലും നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പാളയം സർവകലാശാല ആസ്ഥാനത്ത് നിന്നാരംഭിച്ച സംഘർഷം എം.എൽ.എ ഹോസ്റ്റലിനു മുന്നിലേക്കും വ്യാപിച്ചു. സർവകലാശാലയ്ക്ക് മുന്നിൽ റോഡ് ഉപരോധിച്ചുള്ള പ്രതിഷേധം ഗതാഗതക്കുരുക്കിനും കാരണമായി.

വൈസ് ചെയർപേഴ്സൺ സ്ഥാനം കെ.എസ്.യു നേടിയതിലുള്ള വിജയാഘോഷത്തിനിടെയാണ് സംഘർഷമുണ്ടായത്. സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ 13 വർഷങ്ങൾക്കുശേഷമാണ് വൈസ് ചെയർപേഴ്സൺ സീറ്റ് കെ.എസ്.യു നേടുന്നത്. വർക്കല എസ്.എൻ കോളേജ് വിദ്യാർത്ഥിനി ആമിന ബ്രോഷാണ് വിജയിച്ചത്.

ലാത്തിച്ചാർജിനിടെയാണ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റതെന്ന് എസ്.എഫ്.ഐ പ്രവർത്തകർ ആരോപിച്ചു. ലാത്തി വീശലിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധനേശിന് തലയിൽ ഗുരുതര പരിക്കേറ്റതായും പറഞ്ഞു. അതേസമയം, എസ്.എഫ്.ഐ പ്രവർത്തകരുടെ കല്ലേറിലാണ് സംസ്ഥാന ഭാരവാഹികൾക്കുൾപ്പെടെ പരിക്കേറ്റതെന്ന് കെ.എസ്.യു ആരോപിച്ചു.

 ആറും എസ്.എഫ്.ഐയ്ക്ക്

ഏഴു ജനറൽ സീറ്റിൽ ആറിലും എസ്.എഫ്‌.ഐ സ്ഥാനാർത്ഥികൾ വിജയിച്ചു. വൈസ് ചെയർപേഴ്സൺ സീറ്റ് കെ.എസ്.യു നേടി. അക്കൗണ്ട്സ് കമ്മിറ്റിയിലേക്ക് ഒരാളും എക്സിക്യുട്ടിവ് കമ്മിറ്റിയിലേക്ക് നാലുപേരും കെ.എസ്.യു പാനലിൽ നിന്ന് വിജയിച്ചു. 20 വർഷങ്ങൾക്ക് ശേഷമാണ് മുഴുവൻ ജനറൽ സീറ്റിലേക്കും കെ.എസ്.യു മത്സരിച്ചത്. സെനറ്റ്, സ്റ്റുഡന്റസ് കൗൺസിൽ മത്സര ഫലങ്ങൾ ഇനി പുറത്ത് വരാനുണ്ട്.