എം.ഡി.എം.എ വില്പന; ഉഗാണ്ട സ്വദേശിനി പിടിയിൽ
അരീക്കോട്: മലപ്പുറത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും കേന്ദ്രീകരിച്ച് എം.ഡി.എം.എ വില്പന നടത്തിയ സംഘത്തിലെ പ്രധാന പ്രതി പിടിയിൽ. ഉഗാണ്ട സ്വദേശിനി നാകുബുറെ ടിയോപിസ്റ്റ (30) ആണ് പിടിയിലായത്. ബംഗളൂരു കേന്ദ്രീകരിച്ച് കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പ്രതി. ബുധനാഴ്ച വൈകിട്ട് ബംഗളൂരു ഇലക്ട്രോണിക്ക് സിറ്റി ഭാഗത്ത് നിന്നാണ് അരീക്കോട് ഇൻസ്‌പെക്ടർ സിജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം യുവതിയെ പിടികൂടിയത്. അരീക്കോട് 200 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ യുവാക്കളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി. 10 ലക്ഷം രൂപയുടെ ലഹരി വസ്തുക്കളാണ് ഇവരിൽ നിന്ന് പിടികൂടിയത്. ബംഗളൂരു കേന്ദ്രീകരിച്ചുള്ള ലഹരിക്കടത്ത് സംഘത്തിൽ ഉൾപ്പെട്ട മറ്റ് നൈജീരിയൻ സ്വദേശികളെ സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഇവരെ പിടികൂടാനുള്ള ശ്രമം ഊർജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു. പ്രതികൾ ലഹരി വില്പനയിലൂടെ സമ്പാദിച്ച വാഹനങ്ങളും വസ്തുവകകളും കണ്ടുകെട്ടാനുള്ള നടപടികളും പുരോഗമിക്കുകയാണ്.