വിഷു വിപണി ലക്ഷ്യം , അനധികൃത പടക്കക്കടത്ത് വ്യാപകം
@ കച്ചവടം ഉറപ്പിക്കൽ
ഓൺലൈൻ വഴി
കൽപ്പറ്റ: കേരളത്തിലേക്ക് അനധികൃത പടക്കക്കടത്ത് വ്യാപകം. ലൈസൻസില്ലാതെയും നികുതി വെട്ടിച്ചുമാണ് അയൽ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ലോഡ് കണക്കിന് പടക്കങ്ങൾ ഓൺലൈൻ ബുക്കിംഗിലൂടെ കേരളത്തിലേക്ക് ഒഴുകുന്നത്. കണ്ണൂർ, കോഴിക്കോട്, തൃശൂർ ജില്ലകൾ കേന്ദ്രീകരിച്ചാണ് പടക്കം ശേഖരിക്കുന്നത്. പാഴ്സൽ വണ്ടികളിലും കൊറിയർ വാഹനങ്ങളിലുമാണ് പ്രധാനമായും പടക്കം കടത്തുന്നത്. ദീപാവലിക്കാലത്തെ ഉൾപ്പെടെ പഴയ സ്റ്റോക്കാണ് വിലക്കുറവിൽ എത്തിക്കുന്നത്. കഴിഞ്ഞ ദിവസം അനധികൃതമായി കേരളത്തിലേക്ക് പടക്കം കടത്താൻ ശ്രമിച്ച രണ്ട് തമിഴ്നാട് സ്വദേശികൾ സുൽത്താൻ ബത്തേരിയിൽ പിടിയിലായിരുന്നു. ഓൺലൈൻ വഴി ബുക്ക് ചെയ്ത പടക്കം വാഹനത്തിൽ കൊണ്ടുവരുന്നതിനിടെയായിരുന്നു അറസ്റ്റ്. കാർഡ് ബോർഡ് പെട്ടിയിലായിരുന്നു കൽപ്പറ്റയിൽ പടക്കങ്ങൾ ഉണ്ടായിരുന്നത്. കോയമ്പത്തൂരിൽ നിന്ന് ലോറിയിൽ അനധികൃമായി കൊണ്ടുവരികയായിരുന്ന ഒമ്പത് ക്വിന്റൽ പടക്കം കണ്ണൂരിലും പിടികൂടിയിരുന്നു. ഓൺലൈൻ വിൽപ്പനയ്ക്കായി അനധികൃതമായി എത്തിച്ച അരക്കോടി രൂപയുടെ പടക്കം കണ്ണൂരിലെ പാർസൽ സർവീസ് ഏജൻസിയുടെ ഗോഡൗണിൽ നിന്ന് പിടിച്ചിരുന്നു. 94 കാർഡ്‌ബോർഡ് പെട്ടികളിലായി സൂക്ഷിച്ച നിലയിലായിരുന്നു. സ്വകാര്യ വ്യക്തികളും സംഘങ്ങളും ശിവകാശിയിലെ ഏജന്റുമാരുമായാണ് കരാറുണ്ടാക്കുന്നത്. പടക്ക നിർമാതാക്കൾക്ക് പണം അയക്കുകയും മറ്റു സാധനങ്ങൾക്കൊപ്പം വാഹനത്തിൽ ഇവിടേക്കെത്തിക്കുകയുമാണ് ചെയ്യുന്നത്. നികുതി വെട്ടിച്ചെത്തുന്ന പടക്കങ്ങൾ വലിയ വിലക്കുറവിലാണ് റീട്ടെയിൽ വ്യാപാരികൾക്ക് കൈമാറുന്നത്. മത്സരം വർദ്ധിച്ചതോടെ വിൽപനയ്ക്ക് എല്ലാ സാദ്ധ്യതകളും തേടുകയാണ് ശിവകാശിയിലെ പടക്ക നിർമാതാക്കൾ. ഓൺലൈൻ വിപണിയിൽ സജീവമായതിനൊപ്പമാണ് മറ്റ് മാർഗങ്ങളിലൂടെയും വിൽപനയ്ക്ക് ഇവർ ശ്രമിക്കുന്നത്. പടക്കം ഓൺലൈനിൽ വിൽക്കുന്നത് നിരോധിച്ചുകൊണ്ട് കോടതി ഉത്തരവ് നിലനിൽക്കുന്നുണ്ടെന്നാണ് ഫയർ വർക്കേഴ്സ് ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്.