സിദ്ധാർത്ഥന്റെ മരണം: കുടുംബം നടത്തുന്ന നിയമപോരാട്ടത്തിന്റെ ആദ്യ വിജയം

Friday 11 April 2025 12:28 AM IST

കൽപ്പറ്റ : ജെ.എസ് സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മുഴുവൻ പ്രതികളെയും പൂക്കോട് വെറ്ററിനറി സർവകലാശാല പുറത്താക്കിയ നടപടി സിദ്ധാർത്ഥന്റെ കുടുംബം നടത്തുന്ന നിയമപോരാട്ടത്തിന്റെ ആദ്യ വിജയം. വ്യാഴാഴ്ചയാണ് പൂക്കോട് വെറ്റിനറി സർവകലാശാല മുഴുവൻ വിദ്യാർത്ഥികളെയും കോളേജിൽ നിന്നും പുറത്താക്കിയിട്ടുണ്ടെന്ന് ഹൈക്കോടതിയെ അറിയിക്കുന്നത്. ഒളിഞ്ഞും തെളിഞ്ഞും പ്രതികൾക്ക് പഠിക്കാൻ സൗകര്യം ചെയ്തു കൊടുക്കാൻ ശ്രമം നടത്തിയവർക്ക് ലഭിച്ച കനത്ത തിരിച്ചടിയാണിത്. സിദ്ധാർത്ഥന്റെ അമ്മ എം.ആർ. ഷീബ നൽകിയ ഹർജിയിലാണ് സർവകലാശാലയുടെ മറുപടി. വിദ്യാർത്ഥികൾക്ക് മറ്റു ക്യാമ്പസുകളിൽ പ്രവേശനം നൽകിയ നടപടിചോദ്യം ചെയ്താണ് ഷീബ ഹർജി നൽകിയിരുന്നത്.

മണ്ണുത്തി കാമ്പസിൽ പ്രവേശിപ്പിക്കണമെന്നതായിരുന്നു നേരത്തെ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. തുടർന്നാണ് ഷീബ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുന്നത്. അതോടെ വിദ്യാർത്ഥികളുടെ പ്രവേശന നടപടികൾ തടഞ്ഞു. വിഷയത്തിൽ പൂക്കോട് വെറ്ററിനറി സർവകലാശാല സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന്‌ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയായാണ് 19 പ്രതികളെയുംകോളേജിൽ നിന്നും പുറത്താക്കിയതായി വ്യക്തമാക്കുന്നത്. കേസിൽ നിയമപോരാട്ടം നടത്തുന്ന സിദ്ധാർത്ഥന്റെ കുടുംബത്തിന് കൂടുതൽ ആത്മവിശ്വാസം പകരുന്ന നടപടിയാണ് സർവകലാശാല സ്വീകരിച്ചത്.

2024 ഫെബ്രുവരി 18 നാണ് രണ്ടാംവർഷ വിദ്യാർത്ഥിയായിരുന്ന ജെ.എസ്. സിദ്ധാർത്ഥനെ കോളേജിലെ ഡോർമെറ്ററിക്ക് സമീപത്തെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ക്രൂരമായ റാഗിംഗിനെ തുടർന്നാണ് സിദ്ധാർത്ഥൻ മരിച്ചത്.